Skip to content

അവിശ്വസനീയം ആ യോർക്കർ!  ബെയ്‌ർസ്റ്റോയുടെ കുറ്റി പിഴുതെടുത്ത് ബുംറയുടെ തകർപ്പൻ യോർക്കർ ; വീഡിയോ

ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ അവസാന ദിനം വിജയപാതയിൽ ഇന്ത്യ.
ലഞ്ചിനായി പിരിയുമ്പോൾ
131-2 എന്ന ഭേദപ്പെട്ട നിലയില്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെയാണ് ഇന്ത്യ പേസ്, സ്പിൻ ആക്രമണത്തിൽ തകർത്തത്. രണ്ടാം സെക്ഷനിൽ അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയത്.

ജഡേജ, ബുംറ എന്നിവരുടെ തകർപ്പൻ ബൗളിങാണ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചത്. ഓവലില്‍ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 19 റണ്‍സോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും രണ്ട് റണ്‍സുമായി ക്രിസ് വോക്സും ക്രീസില്‍. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 218 റണ്‍സും ഇന്ത്യക്ക് ജയിക്കാന്‍ നാലു വിക്കറ്റും വേണം.

ഇംഗ്ലണ്ട് ഓപ്പണർ നല്കിയ മികച്ച തുടക്കം പിന്നാലെ വന്നവർക്ക് മുതലക്കാനായില്ല. വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ഹമീദും, ബേർണ്സും ചേർന്ന് ആദ്യ വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തിരുന്നു. പിന്നാലെ അർധ സെഞ്ചുറി പൂർത്തിയാക്കിയ ബേർണ്സ് താക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ മലാൻ റൺ ഔട്ടിലൂടെയാണ് പുറത്തായത്.

പിന്നാലെ ക്രീസിലെത്തിയവരെ നിലയുറപ്പിക്കും മുമ്പേ ജഡേജയും ബുംറയും ചേർന്ന് പുറത്താക്കി. ഇതിനിടെ ബുംറ ഒലി പോപ്പിനെ പുറത്താക്കി ടെസ്റ്റ് കരിയറിലെ നൂറാം വിക്കറ്റും നേടിയിരുന്നു. അതിവേഗത്തിൽ  ഈ നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഒപ്പം ബുംറയെ തേടിയെത്തി. അതേസമയം ബെയ്‌ർസ്റ്റോയെ തകർപ്പൻ യോർക്കറിലൂടെയാണ് ബുംറ ബൗൾഡ് ആക്കിയത്. അപ്രതീക്ഷിതമായ യോർക്കറിൽ അക്ഷരാർത്ഥത്തിൽ ബെയ്‌ർസ്റ്റോ ക്രീസിൽ സ്തംപിച്ച് നിൽക്കുകയായിരുന്നു.

https://twitter.com/SonyLIV/status/1434871651615657986?s=19

നേരത്തെ, അർധ സെഞ്ചുറിയുമായി വാലറ്റത്തു വീണ്ടും തിളങ്ങിയ ശാർദൂൽ താക്കൂറിന്റെയും (60) റിഷഭ് പന്തിന്റെയും (50) മികവിൽ 466 റൺസെന്ന കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ, 368 റൺസിന്റെ വിജയലക്ഷ്യം മുന്നിൽവച്ച് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. രവീന്ദ്ര ജഡേജയും അജിൻക്യ രഹാനെയും നിരാശപ്പെടുത്തിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 293 റൺസിൽ നിന്ന് ആറിന് 312 എന്ന നിലയിലേക്ക് ഇന്ത്യ തകർന്ന ഇന്ത്യയെ, പിന്നീട് താക്കൂർ – പന്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്.