Skip to content

എം എസ് ധോണിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്‌

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മറ്റൊരു നേട്ടം കൂടെ സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്‌. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ എം എസ് ധോണി മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / BCCI )

106 പന്തിൽ 50 റൺസ് നേടിയാണ് റിഷഭ് പന്ത്‌ പുറത്തായത്. ടെസ്റ്റ് കരിയറിലെ പന്തിന്റെ ഏഴാം ഫിഫ്റ്റിയാണിത്. മത്സരത്തിലെ പ്രകടനത്തോടെ ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 700 റൺസ് റിഷഭ് പന്ത്‌ പൂർത്തിയാക്കി. ഇതോടെ ടെസ്റ്റിൽ ഒരു വർഷത്തിൽ 700 ലധികം റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം പന്ത്‌ സ്വന്തമാക്കി. എം എസ് ധോണിയാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / BCCI )

2010 ൽ 13 മത്സരങ്ങളിൽ നിന്നും 41.61 ശരാശരിയിൽ ഒരു സെഞ്ചുറിയും നാല് ഫിഫ്റ്റിയുമടക്കം 749 റൺസ് എം എസ് ധോണി നേടിയിരുന്നു. റിഷഭ് പന്താകട്ടെ ഈ വർഷം 11 മത്സരങ്ങളിൽ നിന്നും 41.52 ശരാശരിയിൽ ഒരു സെഞ്ചുറിയും 5 ഫിഫ്റ്റിയുമടക്കം 706 റൺസ് നേടിയിട്ടുണ്ട്‌. 1419 റൺസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, 906 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ എന്നിവർക്ക് ശേഷം ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാനും കൂടിയാണ് റിഷഭ് പന്ത്‌.

( Picture Source : Twitter / BCCI )

ഓവൽ ടെസ്റ്റിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്കൊപ്പം ഫിഫ്റ്റി നേടിയ ചേതേശ്വർ പുജാര, ഷാർദുൽ താക്കൂർ, റിഷഭ് പന്ത്‌ എന്നിവരുടെ മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടുകയും ഇംഗ്ലണ്ടിന് മുൻപിൽ 368 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തുകയും ചെയ്തത്.

( Picture Source : Twitter / BCCI )