Skip to content

ആ അപൂർവ്വ നേട്ടത്തിൽ റിഷഭ് പന്തിനെയും ഗംഭീറിനെയും മറികടന്ന് രോഹിത്, മുന്നിൽ സച്ചിൻ മാത്രം

ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളിയവസാനിച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍. ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സിന്റെ ലീഡായി. 22 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാരയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ സ്വന്തമാക്കിയത്. ടീം സ്‌കോർ 83ൽ നിൽക്കെ കെഎൽ രാഹുലിനെ നഷ്ട്ടപ്പെട്ട ഇന്ത്യയ്ക്ക് വേണ്ടി രോഹിതും പുജാരയും ചേർന്ന് പൊരുതുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 153 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ രോഹിത് ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറിയും പൂർത്തിയാക്കി. വിദേശ പിച്ചിലെ ആദ്യ  ടെസ്റ്റ് സെഞ്ചുറിയാണിത്.

204 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 64 ആം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് സ്പിന്നർ മൊയിൻ അലിയ്ക്കെതിരെ സ്റ്റെപ്പ് ചെയ്ത് ലോങ് ഓണിൽ സിക്സ് പറത്തിയാണ് തന്റെ ആദ്യ ഓവർസീസ് സെഞ്ചുറി രോഹിത് ശർമ്മ നേടിയത്. സിക്‌സിലൂടെ സെഞ്ചുറി പൂർത്തിയാക്കിയ രോഹിത് അപൂർവ്വ നേട്ടത്തിൽ യുവതാരം റിഷഭ് പന്തിനെയും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെയും മറികടന്നു.

ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ ടെസ്റ്റ് ക്രിക്കറ്റിൽ സിക്‌സിലൂടെ ഏറ്റവും കൂടുതൽ തവണ സെഞ്ചുറി പൂർത്തിയാക്കിയവരുടെ ലിസ്റ്റിലാണ് ഇരുവരെയും ഓവൽ ഇന്നിങ്സിലൂടെ രോഹിത് മറികടന്നത്. ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ രോഹിത് സെഞ്ചുറി പൂർത്തിയാക്കുന്നത്. ഗംഭീറും റിഷഭ് പന്തും ഈ നേട്ടം 2 തവണ കൈവരിച്ചിട്ടുണ്ട്.

ലിസ്റ്റിൽ ഒന്നാമത് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ്. 6 തവണയാണ് സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം ഈ സെഞ്ചുറിയോടെ
ഇംഗ്ലണ്ടിൽ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഓപ്പണറെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഏകദിനത്തിൽ ഏഴ് സെഞ്ചുറി നേടിയിട്ടുള്ള ഹിറ്റ്മാൻ 2018 ൽ ബ്രിസ്റ്റോളിലാണ് ഇംഗ്ലണ്ടിലെ തന്റെ ടി20 സെഞ്ചുറി നേടിയത്.