സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്
ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് എടുത്തിട്ടുണ്ട്. 22 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 9 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.

സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നത്. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടിയ ഹിറ്റ്മാൻ 256 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 127 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറി കൂടിയാണിത്.

127 പന്തിൽ 61 റൺസ് നേടിയ ചേതേശ്വർ പുജാര മികച്ച പിന്തുണയാണ് രോഹിത് ശർമ്മയ്ക്ക് നൽകിയത്. ടെസ്റ്റ് കരിയറിലെ പുജാരയുടെ 31 ആം ഫിഫ്റ്റിയാണിത്. നേരത്തെ കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും പുജാര ഫിഫ്റ്റി നേടിയിരുന്നു. പുജാരയ്ക്ക് പുറമെ 101 പന്തിൽ 46 റൺസ് നേടിയ കെ എൽ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണിങ് കൂട്ടുകെട്ടിൽ 83 റൺസ് കൂട്ടിച്ചേർത്താണ് കെ എൽ രാഹുൽ മടങ്ങിയത്.

ഇംഗ്ലണ്ടിന് വേണ്ടി റോബിൻസൺ രണ്ട് വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിങ്സിൽ 99 റൺസിന്റെ ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 191 റൺസിൽ ഒതുക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിൽ ഫിഫ്റ്റി നേടിയ ഒല്ലി പോപ്പിന്റെയും ക്രിസ് വോക്‌സിന്റെയും മികവിൽ 290 റൺസ് നേടിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും താക്കൂർ, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.
