Skip to content

ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

ഓവലിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ രോഹിത് ശർമ്മ കുറിച്ചത്. ടെസ്റ്റ് കരിയറിലെ ഹിറ്റ്മാന്റെ എട്ടാം സെഞ്ചുറി കൂടിയാണിത്. ഈ സെഞ്ചുറിയോടെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു.

( Picture Source : Twitter / BCCI )

തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയാണ് നേടിയതെങ്കിലും ഇതിനുമുൻപ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിൽ സെഞ്ചുറി നേടാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിൽ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഓപ്പണറെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഏകദിനത്തിൽ ഏഴ് സെഞ്ചുറി നേടിയിട്ടുള്ള ഹിറ്റ്മാൻ 2018 ൽ ബ്രിസ്റ്റോളിലാണ് ഇംഗ്ലണ്ടിലെ തന്റെ ടി20 സെഞ്ചുറി നേടിയത്.

( Picture Source : Twitter / BCCI )

ഇതിനുമുൻപ് കെ എൽ രാഹുൽ ഇംഗ്ലണ്ടിൽ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും മൂന്ന് ഫോർമാറ്റിലും ഓപ്പണറായി സെഞ്ചുറി നേടാൻ രോഹിത് ശർമ്മയ്ക്കല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും സാധിച്ചിട്ടില്ല.

64 ആം ഓവറിൽ മൊയിൻ അലിയ്ക്കെതിരെ സിക്സ് പറത്തിയാണ് രോഹിത് ശർമ്മ സെഞ്ചുറി പൂർത്തിയാക്കിയത്.

https://twitter.com/SonyLIV/status/1434160958125985798?s=19

മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസും ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസും രോഹിത് ശർമ്മ പൂർത്തിയാക്കി. കൂടാതെ ഓപ്പണറായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 11000 റൺസും ഈ പ്രകടനത്തോടെ രോഹിത് ശർമ്മ പൂർത്തിയാക്കി. രോഹിത് ശർമ്മയുടെ സെഞ്ചുറിയോടെ മത്സരത്തിൽ ഇന്ത്യയുടെ ലീഡ് 100 കടന്നു. 99 റൺസിന്റെ ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയത്.

( Picture Source : Twitter / BCCI )

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങിറങ്ങിയ ഇംഗ്ലണ്ട് 290 റൺസ് നേടിയാണ് പുറത്തായത്. 81 റൺസ് നേടിയ ഒല്ലി പോപ്പും 60 പന്തിൽ 50 റൺസ് നേടിയ ക്രിസ് വോക്‌സുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / BCCI )