Skip to content

ഹർദിക് പാണ്ഡ്യ വീ ലവ് യൂ 

Written by Sandeep Das 

കെയ്പ്ടൗണിലെ ന്യൂലാൻ്റ്സ് സ്റ്റേഡിയം.ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി ആഹ്ലാദത്തോടെ കഗീസോ റബാഡയ്ക്കു നേരെ കുതിക്കുകയാണ്.തൻ്റെ യുവ ഫാസ്റ്റ് ബൗളറുടെ നെറ്റിയിൽ ഡുപ്ലെസി ഒരു മുത്തം നൽകി.ഒരു നിമിഷം മുമ്പ് റബാഡ നേടിയ വിക്കറ്റ് അത്ര വിലപ്പെട്ടതായിരുന്നു.മണിക്കൂറുകളോളം പ്രോട്ടിയാസിനെ വലച്ച ഇന്ത്യൻ ബാറ്റ്സ്മാൻ അപ്പോൾ സാവകാശം കൂടാരത്തിലേക്ക് നടക്കുകയായിരുന്നു.പുറത്തായി മടങ്ങുന്ന അയാളുടെ പേരിൽ കേവലം 93 റണ്ണുകളേ ഉണ്ടായിരുന്നുള്ളൂ.പക്ഷേ ഇന്ത്യൻ ഡ്രെസ്സിങ്ങ് റൂമിലെ മുഴുവൻ അംഗങ്ങളും എഴുന്നേറ്റുനിന്നു.ഒരു ഡബിൾ സെഞ്ചൂറിയനെ വരവേൽക്കുന്നതുപോലെ ! വേദിയിലുണ്ടായിരുന്ന ചുരുക്കം ഇന്ത്യൻ കാണികൾ ആർത്തു വിളിച്ചു-
”ഹാർദ്ദിക് പാണ്ഡ്യാ…വീ ലവ് യൂ….! ”

സെഞ്ച്വറിയ്ക്ക് തൊട്ടുമുമ്പ് അവസാനിക്കുന്ന ഇന്നിംഗ്സുകളെ നിഷ്കരുണം മറന്നുകളയുന്ന സ്വഭാവം ക്രിക്കറ്റ് പ്രേമികൾക്കുണ്ട്.വളരെ അപൂർവം അവസരങ്ങളിൽ മാത്രമേ മറിച്ച് സംഭവിച്ചിട്ടുള്ളൂ.വിശേഷിച്ചും ഇന്ത്യൻ ക്രിക്കറ്റ് സമൂഹത്തിൽ മൂന്നക്കം എന്ന സാങ്കേതികതയ്ക്ക് പ്രാധാന്യം വളരെ കൂടുതലാണ്.പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്ന ലാഘവത്തിൽ സെഞ്ച്വറികൾ അടിച്ചുകൂട്ടുന്ന ബാറ്റ്സ്മാൻമാരുള്ള നാട്ടിൽ ഒരു 90+ സ്കോർ വിസ്മൃതിയിലേക്ക് മറയാൻ വളരെ എളുപ്പമാണ്.

അതുകൊണ്ടുതന്നെ പാണ്ഡ്യയുടെ ഇന്നിംഗ്സ് തത്സമയം കണ്ട നമ്മുടെ ഉത്തരവാദിത്വം വളരെ വലുതാണ്.
ഈ പ്രകടനം എന്നും ഒാർമ്മിക്കപ്പെടണം.ഒരു എെതിഹ്യം കണക്കെ ഇത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പ്രചരിക്കണം.പാണ്ഡ്യ അത് അർഹിക്കുന്നു.

ബറോഡയുടെ തെരുവുകളിൽ കളിച്ചുതുടങ്ങിയ നീണ്ടു മെലിഞ്ഞ ഒരു പയ്യൻ.കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മാഗി മാത്രം കഴിച്ച് ക്രിക്കറ്റ് പരിശീലിച്ചിരുന്ന നാളുകൾ.പേരുകേട്ട കോച്ച് ഉണ്ടായിരുന്നില്ല അവന്.വിഖ്യാതമായ ഒരു ക്രിക്കറ്റ് അക്കാദമിയുടെ വേരുകളില്ല.സോളിഡ് ആയ ബാറ്റിങ്ങ് ടെക്നിക്കിനുടമയല്ല.എെ.പി.എല്ലിൽ വൺ സീസൺ വണ്ടറായി ഒതുങ്ങുമെന്ന് പലരും കരുതി.അതുൽ ബദാദെ,യൂസഫ് പത്താൻ തുടങ്ങിയ ബറോഡക്കാരെപ്പോലെ ഏതാനും സിക്സറുകൾക്ക് ശേഷം പാണ്ഡ്യയുടെ അന്താരാഷ്ട്ര കരിയർ അവസാനിക്കുമെന്ന് കൂടുതൽ പേരും വിശ്വസിച്ചു.ഉത്തരവാദിത്വത്തോടെ കളിച്ച് ഇന്ത്യൻ ടീമിനെ വിജയങ്ങളിലേക്ക് നയിച്ചപ്പോഴും മുറുമുറുപ്പുകൾക്ക് ഒട്ടും കുറവുണ്ടായില്ല.

സ്പിൻ ബൗളിങ്ങ് മാത്രം നന്നായി നേരിടുന്ന പാണ്ഡ്യ വിദേശപിച്ചുകളിൽ വെള്ളംകുടിക്കുമെന്ന് വിമർശകർ പ്രവചിച്ചു.നല്ലൊരു ബൗൺസർ പോലും അയാൾ അതിജീവിക്കില്ലെന്ന് പരിഹസിച്ചു.നിർഭാഗ്യവ­ശാൽ അയാളുടെ ഹെയർസ്റ്റൈലിനെ പോലും വിമർശിക്കാൻ ഇന്നാട്ടിൽ ആളുകളുണ്ടായി !

ആദ്യ ടെസ്റ്റിൽ പാണ്ഡ്യ ചെന്നുവീണത് സിംഹക്കൂട്ടിലേക്കാണ്.ഹോംഗ്രൗണ്ടായ കെയ്പ്ടൗണിൽ എന്നും നാശം വിതയ്ക്കുന്ന വെർനോൺ ഫിലാണ്ടർ,ഈ തലമുറയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ ഡെയിൽ സ്റ്റെയിൻ,മണിക്കൂറിൽ 140 കിലോമീറ്റർ വേഗത എപ്പോഴും നിലനിർത്തുന്ന റബാഡ എന്ന പ്രതിഭാധനൻ,തൻ്റെ ഉയരക്കൂടുതൽ കൊണ്ട് അപ്രവചനീയ ബൗൺസ് സൃഷ്ടിക്കുന്ന മോർനെ മോർക്കൽ…മുന്നിൽ വന്ന് പെടുന്നവരെയെല്ലാം കടിച്ചുകീറാനൊരുങ്ങിയായിരുന്നു അവരുടെ നിൽപ്പ്.ജീവനുള്ള പിച്ച്.അസാമാന്യമായ ഫീൽഡിങ്ങ് വിഭാഗവും.ഒരു റൺ പോലും വെറുതെ കിട്ടാത്ത അവസ്ഥ…
ഇന്ത്യയുടെ അവസ്ഥയാണെങ്കിൽ പരമദയനീയമായിരുന്നു.പാണ്ഡ്യ ഇറങ്ങുമ്പോൾ 76/5 എന്ന നിലയിൽ നിന്ന സ്കോർ അധികം താമസിയാതെ 91/7 എന്ന അവസ്ഥയിലേക്ക് മാറി.സാങ്കേതിക മികവുള്ള വമ്പൻമാരെല്ലാം മടങ്ങിക്കഴിഞ്ഞു.ഇത്രയും പ്രധാന ടെസ്റ്റ് കളിക്കുന്ന പാണ്ഡ്യയ്ക്ക് ഒരു അംഗീകൃത ബാറ്റ്സ്മാൻ്റെ പിന്തുണ പോലും ലഭ്യമായിരുന്നില്ല.

മറ്റൊരു പരുക്കൻ യാഥാർത്ഥ്യം കൂടി പാണ്ഡ്യയുടെ മനസ്സിലൂടെ കടന്നുപോയിരിക്കാം.ഇന്ത്യയുടെ വെെസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ സൈഡ് ബെഞ്ചിൽ ഇരിക്കുകയാണ്.ഈ ടെസ്റ്റ് തോറ്റാൽ അഞ്ച് ബൗളർമാർ എന്ന തന്ത്രം ഇന്ത്യ ഉപേക്ഷിച്ചേക്കാം.അധിക ബാറ്റ്സ്മാൻ ടീമിലെത്തുമ്പോൾ ഒരുപക്ഷേ വാൾ തൻ്റെ നേരെ ഉയർന്നേക്കാം.ഒരു തുടക്കക്കാരൻ്റെ പരിഗണന പോലും കിട്ടിയെന്നുവരില്ല.ബലിയാടാകുന്നത് താനാവും !
ആദ്യ പന്തിൽ തന്നെ ഫിലാണ്ടർക്കുനേരെ തികച്ചും പോസിറ്റീവ് ആയി പാണ്ഡ്യ നടന്നടുത്തത് ഇത്രയേറെ സമ്മർദ്ദങ്ങൾ നെഞ്ചിലേറ്റിക്കൊണ്ടാണ്.

പാണ്ഡ്യയിൽ ഇന്ത്യൻ സമൂഹം സ്വപ്നം കാണുന്നത് മറ്റൊരു കപിൽ ദേവിനെയാണ്.കപിലിൻ്റെ ജന്മദിനത്തിൽ കപിൽ ശൈലിയിൽ തന്നെ പാണ്ഡ്യ ബാറ്റ് വീശി-
”സീ ദ ബോൾ ; ഹിറ്റ് ദ ബോൾ….”
പാണ്ഡ്യ പ്രദർശിപ്പിച്ച ടെക്നിക്കിൽ അപാകതകളുണ്ടായിരുന്നു.പക്ഷേ അത്തരം പരിമിതികളെ മനോബലം കൊണ്ട് അതിജീവിക്കുന്ന രീതിയാണ് പാണ്ഡ്യ കാട്ടിത്തന്നത്.സ്റ്റീവൻ റോഡ്ജർ വോയും സൗരവ് ചണ്ഡിദാസ് ഗാംഗുലിയുമെല്ലാം സഞ്ചരിച്ച പാതയാണത് !

സാഹ പുറത്തായതിനു ശേഷം തൊട്ടടുത്ത ഒാവറിൽ ഫിലാണ്ടർക്കെതിരെ പാണ്ഡ്യ നേടിയ 3 ബൗണ്ടറികൾ…ധാർഷ്ട്യം കലർന്ന ഷോട്ടുകളായിരുന്നു അവ.ബ്ലോക്കിങ്ങും ലീവിങ്ങും ഈ പ്രതലത്തിൽ വിലപ്പോവില്ലെന്ന് മനസ്സിലാക്കിയ പാണ്ഡ്യ,പാണ്ഡ്യയായിത്തന്നെ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.ആക്രമണം തന്നെ ഏറ്റവും നല്ല പ്രതിരോധം !
ചീറിപ്പാഞ്ഞെത്തുന്ന പന്തുകളെ പാണ്ഡ്യ അനായാസം ഫെൻസിലേക്ക് ഡ്രൈവ് ചെയ്തു തുടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക തന്ത്രം മാറ്റി.പാണ്ഡ്യയ്ക്കു മേൽ വെള്ളിടി പോലെ ബൗൺസറുകൾ പതിച്ചു.ചിലത് പാണ്ഡ്യയുടെ ബാറ്റിൻ്റെ അരികിലൂടെ മൂളിപ്പറന്നു.ചിലത് ഗ്ലൗസിലിടിച്ചു.റബാഡ പുച്ഛംകലർന്ന മന്ദഹാസം വെച്ചുനീട്ടി.

പഴയ കരീബിയൻ ശൈലിയിലുള്ള അഗ്രഷൻ.ഒരു വാക്ക് പോലും പറയാതെ ബാറ്റ്സ്മാനെ പന്തുകൾ കൊണ്ടും നോട്ടങ്ങൾ കൊണ്ടും നിർവീര്യനാക്കാൻ ശ്രമിക്കുന്ന രീതി…
പക്ഷേ നടുക്കടലിൽ എറിയപ്പെട്ടവനെപ്പോലെ പാണ്ഡ്യ നിന്നില്ല.

ശൂന്യതയിൽ നിന്ന് ഒരു സിംഗിൾ മോഷ്ടിക്കാൻ അയാൾ സദാ തയ്യാറായിരുന്നു.കുത്തി ഉയരുന്ന പന്തുകൾക്ക് പലതരം മറുപടികളാണ് അയാൾക്കുണ്ടായിരുന്നത്.അപ്പർകട്ട്,സ്ക്വയർ­കട്ട്,പുൾ,ലോഫ്റ്റഡ് ഒാഫ്ഡ്രൈവ് അങ്ങനെയങ്ങനെ….നോട്ടങ്ങൾക്ക് അയാൾ മറുനോട്ടങ്ങളെറിഞ്ഞു.ചായസമയത്ത് ദക്ഷിണാഫ്രിക്കൻ കോച്ച് ഒാട്ടിസ് ഗിബ്ബ്സൻ്റെ മുഖത്ത് ആശങ്ക പരന്നിരുന്നു.പാണ്ഡ്യ-ഭുവി കൂട്ടുകെട്ട് അവരെ അത്ര മാത്രം അലോസരപ്പെടുത്തിത്തുടങ്ങിയിരുന്നു.ശുഭാതി­വിശ്വാസം കലർന്ന അപ്പീലുകൾ ജന്മം കൊള്ളാൻ ആരംഭിച്ചിരുന്നു.

മൂന്നാമത്തെ സെഷനിൽ ബോഡിലൈൻ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്.ഒാൺസൈഡ് ബൗണ്ടറിയിൽ ഫീൽഡർമാരെ കുത്തിനിറച്ച് മോർക്കൽ എറൗണ്ട് ദ വിക്കറ്റ് പന്തെറിഞ്ഞു.പാണ്ഡ്യയുടെ ശരീരമാണ് അവർ ലക്ഷ്യമിട്ടത്.ചെറുപ്പക്കാരൻ പയ്യൻ അതിൽ പതറിപ്പോവുമെന്ന് ഡു പ്ലെസി കരുതി.പദ്ധതി വ്യക്തമായിരുന്നു.ഷോർട്ട് ഡെലിവെറികളെറിഞ്ഞ് പാണ്ഡ്യയെ ബാക്ക്ഫൂട്ടിലേക്ക് തള്ളുക.തുടർന്ന് അപ്രതീക്ഷിതമായി ഒരു ഫുൾലെങ്ത്ത് ബോൾ….
പാണ്ഡ്യ പതറിയില്ല.പുറത്താവും മുമ്പ് കേശവ് മഹാരാജിൻ്റെ സ്പിൻ ബൗളിങ്ങിൽ പരമാവധി റണ്ണുകൾ വാരിക്കൂട്ടാം എന്ന രീതിയിൽ ചിന്തിച്ചതുമില്ല.തികച്ചും സാധാരണമായ രീതിയിൽ അയാൾ ബാറ്റിങ്ങ് തുടർന്നു.ഫാസ്റ്റ് ബൗളിങ്ങ് നേരിടാൻ അയാൾ തയ്യാറായിരുന്നു എന്ന് വ്യക്തം !

പക്ഷേ ഭുവിയുടെ പുറത്താവൽ പാണ്ഡ്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.ഷാമിയുടെയും ബുംറയുടെയും പിന്തുണയോടെ തനിക്ക് ഒരുപാടൊന്നും മുന്നോട്ടു പോകാനാവില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.സാഹചര്യത്തിനനുസരിച്ച് അൽപ്പം അഗ്ലിയാവാൻ അയാൾ നിർബന്ധിതനായി.റബാദയുടെ പന്ത് പാണ്ഡ്യയുടെ ദേഹത്തിടിച്ചു.മോർക്കലിൻ്റെ ബൗൺസർ കവറിലൂടെ ബൗണ്ടറിയിലേക്ക് പറത്തുമ്പോഴും അതിൻ്റെ വേദനയിൽ നിന്ന് പാണ്ഡ്യ മുക്തനായിരുന്നില്ല.പക്ഷേ അയാൾ അപ്പോഴും പുഞ്ചിരിച്ചു ! അർഹിച്ച സെഞ്ച്വറി ഏഴു റൺസ് അകലെ നഷ്ടമാവുകയും ചെയ്തു.
ഭാഗ്യത്തിൻ്റെ പിന്തുണയോടെ കെട്ടിപ്പടുത്ത ഇന്നിംഗ്സ് എന്ന് വേണമെങ്കിൽ ഇതിനെ വിലകുറച്ചു കാണാം.ഒരു ക്യാച്ചിൽനിന്നും സ്റ്റംമ്പിങ്ങിൽ നിന്നും പാണ്ഡ്യ രക്ഷപ്പെട്ടിരുന്നു.പ­ക്ഷേ ഒാർക്കുക.”ലക്ക് ഫേവേഴ്സ് ദ ബ്രേവ് ” എന്ന് വെറുതെ പറയുന്നതല്ല.
മിഡ്-വിക്കറ്റിനു മുകളിലൂടെ സിക്സർ പറത്തി പാണ്ഡ്യ വരവേറ്റ മഹാരാജ് ഒരു പാർട് ടൈം സ്പിന്നറല്ല.അയാളെപ്പോലൊരു ക്വാളിറ്റി സ്പിന്നർ ബൗൾ ചെയ്യുമ്പോഴും ബൗണ്ടറി കാവലിന് ആറു പേരെയാണ് ഡു പ്ലെസി പറഞ്ഞുവിട്ടത്. 

ഒരു സ്പിന്നറെ പാണ്ഡ്യയുടെ മുമ്പിലേക്ക് അയക്കുമ്പോൾ അത്രമാത്രം അരക്ഷിതത്വമാണ് നായകൻമാർ അനുഭവിക്കുന്നത്.ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോൾ ഒരുപാട് സമയം പാണ്ഡ്യയ്ക്ക് കിട്ടുന്നതായും അനുഭവപ്പെടുന്നു.ഈ നിലയ്ക്ക് നാം ഇനിയും ഏറെ ആനന്ദിക്കുമെന്ന് തീർച്ച.
പതിറ്റാണ്ടുകൾക്കു മുമ്പ് വെസ്റ്റ് ഇൻഡീസിലെ ജമൈക്കയിൽ മൈക്കൽ ഹോൾഡിങ്ങ് എന്ന ഇതിഹാസം ഇന്ത്യയ്ക്കെതിരെ റൗണ്ട് ദ വിക്കറ്റ് വന്ന് ബൗൾചെയ്തിരുന്നു.
പല ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെയും രക്തം വീണു.തൻ്റെ ലോവർ ഒാർഡർ ബാറ്റ്സ്മാൻമാരെ ഹോൾഡിങ്ങിൻ്റെ മുമ്പിലേക്ക് ഇട്ടുകൊടുക്കേണ്ട എന്ന് വിചാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.അതും വിൻഡീസിന് ജയിക്കാൻ കേവലം 13 റണ്ണുകൾ വേണ്ടപ്പോൾ ! മത്സരഫലം പറയേണ്ടതില്ലല്ലോ.

ഇന്ന് കെയ്പ്ടൗണിൽ മോർക്കലും റബാഡയും അതേ തന്ത്രം പയറ്റുന്നു.പക്ഷേ ഇപ്പോൾ ഇന്ത്യയുടെ ലോവർ ഒാർഡറിൽ ഹാർദ്ദിക് പാണ്ഡ്യയുണ്ട്.അയാളുടെ മിഡ് റിഫിൽ ഏറുകൊള്ളുന്നുണ്ടാവാം.അയാൾ വേദന കൊണ്ടു പുളയുന്നുണ്ടാവാം.ബൗൺസറുകളെ ഹാൻഡിൽ ചെയ്യാനുള്ള ക്ലാസിക് ശൈലി അയാളുടെ കൈവശമില്ലായിരിക്കാം.പക്ഷേ ഏതൊരു പേസ് പടയ്ക്കെതിരെയും അയാൾ നെഞ്ചുവിരിച്ചുനിൽക്കും.അഹങ്കാരത്തോടെ ടെന്നീസ് ഷോട്ടുകൾ പായിക്കും.എല്ലാ പരമ്പരാഗത സങ്കൽപ്പങ്ങളും കാറ്റിൽ പറത്തും.മാർഗ്ഗമല്ല ; ലക്ഷ്യമാണ് പ്രധാനം എന്ന് ഉറക്കെപ്പറയും…

Written by-Sandeep Das