Skip to content

മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്സനെതിരെ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവ് പായിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്.

( Picture Source : Twitter / BCCI )

ഓവലിൽ നടക്കുന്ന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 25 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 11,000 റൺസ് പൂർത്തിയാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. വെറും 246 ഇന്നിങ്സിൽ നിന്നാണ് രോഹിത് ശർമ്മ ഓപ്പണറായി 11000 റൺസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 11000 റൺസ് നേടിയവരുടെ പട്ടികയിൽ ഇതിഹാസ താരങ്ങളായ മാത്യൂ ഹെയ്ഡൻ, സുനിൽ ഗാവസ്‌കർ എന്നിവരെ പിന്നിലാക്കി രോഹിത് രണ്ടാം സ്ഥാനത്തെത്തി.

( Picture Source : Twitter / BCCI )

251 ഇന്നിങ്സിൽ നിന്നുമാണ് ഹെയ്ഡൻ 11000 റൺസ് നേടിയിരുന്നത്. സുനിൽ ഗാവസ്‌കറാകട്ടെ 251 ഇന്നിങ്സിൽ നിന്നാണ് ഓപ്പണറായി 11000 റൺസ് നേടിയത്. 241 ഇന്നിങ്സിൽ നിന്നും ഓപ്പണറായി 11,000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ തലപത്തുള്ളത്.

( Picture Source : Twitter / BCCI )

നേരത്തെ രണ്ടാം ഇന്നിങ്സിൽ 11 റൺസ് പിന്നിട്ടതിന് പുറകെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ്‌ രോഹിത് ശർമ്മ പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് ഹിറ്റ്മാൻ. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ്‌ ഗാംഗുലി, വീരേന്ദർ സെവാഗ്, മൊഹമ്മദ് അസറുദീൻ, വിരാട് കോഹ്ലി, എം എസ് ധോണി എന്നിവരാണ് രോഹിത് ശർമ്മ മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

( Picture Source : Twitter / BCCI )

2007 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2013 ലാണ് ഓപ്പണറായി പുതിയ ഇന്നിങ്സിന് രോഹിത് ശർമ്മ തുടക്കം കുറിച്ചത്. ശേഷം 2019 ലാണ് ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാൻ രോഹിത് ശർമ്മയ്ക്ക് അവസരം ലഭിച്ചത്. അതിന് ശേഷം തകർപ്പൻ പ്രകടനം ഇന്ത്യയ്ക്കായി പുറത്തെടുത്ത രോഹിത് ശർമ്മ ടെസ്റ്റ് റാങ്കിങിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറുകയും ചെയ്തു. നിലവിൽ ടെസ്റ്റ് റാങ്കിങിൽ അഞ്ചാം സ്ഥാനത്താണ് ഹിറ്റ്മാനുള്ളത്.

( Picture Source : Twitter / BCCI )