Skip to content

ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ട് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്.

( Picture Source : Twitter )

രണ്ടാം ഇന്നിങ്സിൽ 11 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് പൂർത്തിയാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 15000 റൺസ് നേടുന്ന എട്ടാമാത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനും ലോകത്തിലെ 39 ആം ബാറ്റ്‌സ്നുമാണ് രോഹിത് ശർമ്മ.

( Picture Source : Twitter )

396 ഇന്നിങ്സിൽ നിന്നാണ് രോഹിത് ശർമ്മ 15,000 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ സൗരവ്‌ ഗാംഗുലി, മൊഹമ്മദ് അസറുദീൻ, എം എസ് ധോണി എന്നിവരെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. 400 ഇന്നിങ്സിൽ നിന്നാണ് സൗരവ്‌ ഗാംഗുലി 15,000 റൺസ് നേടിയിരുന്നത്.

( Picture Source : Twitter )

വെറും 333 ഇന്നിങ്സിൽ നിന്നും 15,000 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ തലപ്പത്തുള്ളത്. സച്ചിൻ ടെണ്ടുൽക്കർ (356 ഇന്നിങ്സ്), രാഹുൽ ദ്രാവിഡ് (368 ഇന്നിങ്സ്), വീരേന്ദർ സെവാഗ് (371 ഇന്നിങ്സ് ) എന്നിവരാണ് രോഹിത് ശർമ്മയേക്കാൾ വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ 2900 ലധികം റൺസ് നേടിയിട്ടുള്ള രോഹിത് ശർമ്മ 227 ഏകദിന മത്സരങ്ങളിൽ നിന്നും 48.96 ശരാശരിയിൽ 9205 റൺസും 111 ടി20 മത്സരങ്ങളിൽ 32.18 ശരാശരിയിൽ 2864 റൺസും നേടിയിട്ടുണ്ട്‌. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 40 സെഞ്ചുറി രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌. ഐസിസി ടെസ്റ്റ് റാങ്കിങിൽ അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശർമ്മ ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്താണ്.

( Picture Source : Twitter )