Skip to content

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റോടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്ലി പഴങ്കഥയാക്കിയത്.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് വിരാട് കോഹ്ലി ആദ്യ ഇന്നിങ്സിൽ നേടിയത്. ജെയിംസ് ആൻഡേഴ്സനെതിരെ ബൗണ്ടറി നേടികൊണ്ടാണ് ഈ നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിട്ടത്.

വെറും 490 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് നേടിയിരിക്കുന്നത്. 522 ഇന്നിങ്സിൽ നിന്നും 23,000 റൺസ് നേടിയ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. 544 ഇന്നിങ്സിൽ നിന്നും 23,000 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ് ഈ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കും സച്ചിൻ ടെണ്ടുൽക്കർക്കും പുറകിലുള്ളത്.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. 664 മത്സരങ്ങളിൽ നിന്നും 34357 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 594 മത്സരങ്ങളിൽ നിന്നും 28016 റൺസ് നേടിയ കുമാർ സംഗക്കാര, 560 മത്സരങ്ങളിൽ നിന്നും 27483 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, 652 മത്സരങ്ങളിൽ നിന്നും 25957 റൺസ് നേടിയ മുൻ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ മഹേള ജയവർധനെ, 519 മത്സരങ്ങളിൽ നിന്നും 25534 റൺസ് നേടിയ മുൻ സൗത്താഫ്രിക്കൻ താരം ജാക്ക് കാലിസ്, 509 മത്സരങ്ങളിൽ നിന്നും 24,208 റൺസ് നേടിയ രാഹുൽ ദ്രാവിഡ് എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് നേടിയിട്ടുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ 7600 ലധികം റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ 254 മത്സരങ്ങളിൽ നിന്നും 59.07 ശരാശരിയിൽ 12169 റൺസും 89 ടി20 മത്സരങ്ങളിൽ നിന്നും 52.65 ശരാശരിയിൽ 3159 റൺസും നേടിയിട്ടുണ്ട്‌.

( Picture Source : Twitter )