Skip to content

നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം സഹീർ ഖാൻ. തന്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും സഹീർ ഖാൻ തുറന്നുപറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നില്ല. കൂടാതെ മൂന്നാം ടെസ്റ്റിൽ വമ്പൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

( Picture Source : Twitter / BCCI )

ടെസ്റ്റ് റാങ്കിങിലെ രണ്ടാം നമ്പർ ബൗളറാണെങ്കിലും ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടെസ്റ്റിലും അശ്വിന് അവസരം ലഭിച്ചില്ല. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി മൂന്ന് മത്സരങ്ങളിലും ഇന്ത്യ ടീമിൽ ഉൾപെടുത്തിയത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയതൊഴിച്ചാൽ പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. കൂടാതെ മൂന്നാം ടെസ്റ്റിൽ താരം പരിക്കിന്റെ പിടിയിലാവുകയും ചെയ്തു. എന്നാൽ ജഡേജയുടെ പരിക്ക് ഭേദപെട്ടാലും ഇല്ലെങ്കിലും നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ കളിപ്പിക്കണമെന്നും സഹീർ ഖാൻ ആവശ്യപെട്ടു.

( Picture Source : Twitter )

” ആ അവസരം ഇന്ത്യയ്ക്കുണ്ട്, രവിചന്ദ്രൻ അശ്വിനെ ഇന്ത്യ നാലാം ടെസ്റ്റിൽ കളിപ്പിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആദ്യം ജഡേജ ഫിറ്റാണോയെന്ന് നോക്കേണ്ടതുണ്ട്. ഇനി ജഡേജ കളിക്കുന്നുണ്ടെങ്കിൽ കൂടിയും ഇന്ത്യ അശ്വിനെ കളിപ്പിക്കണം. കാരണം ഓവലിലെ ചരിത്രം പരിശോധിച്ചാൽ രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാരുടെ മേധാവിത്വം കാണാനാകും. ” സഹീർ ഖാൻ പറഞ്ഞു.

( Picture Source : Twitter )

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പോലെ ഇന്ത്യ ജഡേജയെയും അശ്വിനെയും ഒരുമിച്ച് കളിപ്പിക്കണമെന്നും കാരണം ടീമിലെ അഞ്ച് മികച്ച ബൗളർമാരിൽ അവരുണ്ടെന്നും സഹീർ ഖാൻ പറഞ്ഞു. നാലാം ടെസ്റ്റിൽ ഇഷാന്ത് ശർമ്മയെ ഇന്ത്യ ഒഴിവാക്കിയേക്കുമെന്നും കൂടാതെ ജോലിഭാരം കണക്കിലെടുത്ത് മൊഹമ്മദ് സിറാജിന് വിശ്രമം നൽകണമെന്നും സിറാജിന് പകരം താക്കൂർ എത്തിയാൽ ബാറ്റിങ് കൂടുതൽ ശക്തിപെടുമെന്നും സഹീർ ഖാൻ അഭിപ്രായപെട്ടു.

( Picture Source : Twitter )

മൂന്നാം ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 76 റൺസിനുമാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തിയിരുന്നു. സെപ്റ്റംബർ രണ്ടിന് കെന്നിങ്ടൺ ഓവലിലാണ് പരമ്പരയിലെ നിർണായകമായ നാലാം മത്സരം.

( Picture Source : Twitter )