Skip to content

ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ദിലിപ് വെങ്സർകാർ. പ്ലേയിങ് ഇലവനിൽ മുംബൈ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച വെങ്സർക്കാർ തന്റെ നിർദ്ദേശത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു .

( Picture Source : Twitter/ BCCI )

ലോർഡ്സിൽ 151 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യ ലീഡ്സിൽ കളിയുടെ എല്ലാ മേഖലയിലും തകർന്നടിയുകയായിരുന്നു. ഒരു ഇന്നിങ്സിനും 76 റൺസിനുമാണ് മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപെടുത്തിയത്. ആദ്യ ഇന്നിങ്സിൽ വെറും 78 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 354 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങുകയും രണ്ടാം ഇന്നിങ്സിൽ 278 റൺസിന് പുറത്താവുകയും ചെയ്യുകയായിരുന്നു. 91 റൺസ് നേടിയ പുജാരയുടെ പ്രകടനം മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഏകഘടകം.

( Picture Source : Twitter/ BCCI )

” ഇത് ഞാൻ പെട്ടെന്ന് പറയുന്നതല്ല, ഇന്ത്യ ബാറ്റിങ് നിര ശക്തിപെടുത്തണമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതിനായി ഹനുമാ വിഹാരിയ്ക്ക് മുൻപെ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തണം. ഒരു ബൗളറെ ടീമിൽ നിന്നും ഒഴിവാക്കി ആറ് ബാറ്റ്‌സ്മാന്മാരെ കളിപ്പിക്കണം. നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർക്ക് ഒപ്പം നിൽക്കുവാൻ സൂര്യകുമാർ യാദവിന് സാധിക്കും. അധികം വൈകുന്നതിന് മുൻപേ തന്നെ അവനെ ടീമിൽ ഉൾപ്പെടുത്തണം.” വെങ്സർക്കാർ പറഞ്ഞു.

( Picture Source : Twitter/ BCCI )

ആദ്യ മൂന്ന് ടെസ്റ്റിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തെയും വെങ്സർക്കാർ വിമർശിച്ചു.

” അശ്വിനെ എന്തുകൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത്, ടീമിലെ ബെസ്റ്റ്‌ സ്പിന്നറെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കുന്ന തീരുമാനം അംഗീകരിക്കാൻ സാധിക്കുന്നില്ല. പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ വിജയിക്കണമെങ്കിൽ ഇന്ത്യ നാല് ബൗളർരെയും ആറ് ബാറ്റ്‌സ്മാന്മാരെയും ടീമിൽ ഉൾപ്പെടുത്തണം. ” അദ്ദേഹം കൂട്ടിച്ചേർത്തു.