Skip to content

അവന്റെ ധൈര്യം സമ്മതിച്ചു, കോഹ്‌ലിയുടെ ‘മണ്ടൻ’ തീരുമാനത്തെ പരിഹസിച്ച് സ്റ്റുവർട്ട് ബ്രോഡ്

ലീഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ ടീം തവിടു പൊടിയായിരിക്കുകയാണ്. 42 റണ്‍സ് ലീഡോടു കൂടി ഒന്നാം ദിവസം 120/0 എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ആദ്യമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടോസ് ജയിച്ചത്. എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്ക് തകർച്ചയ്ക്ക് തുടക്കം കുറിച്ചത് ആൻഡേഴ്സനായിരുന്നു. ആദ്യ 3 വിക്കറ്റും ആൻഡേഴ്സൻ തന്നെയായിരുന്നു വീഴ്ത്തിയത്.

19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രോഹിത്തിനെ കൂടാതെ അജിന്‍ക്യ രഹാനെ മാത്രമാണ് (18) രണ്ടക്കം കടന്നത്. ഇപ്പോഴിതാ മത്സരത്തില്‍ ടോസ്സ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തുകയാണ് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ മണിക്കൂറായിരുന്നു ഇത്. മൂന്നു വമ്പന്‍ വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം ധീരമാണ്. ഇംഗ്ലണ്ടിൽ ആദ്യ ദിനം ടെസ്റ്റില്‍ ബൗള്‍ ചെയ്യാവുന്ന ഏറ്റവും മികച്ച ഗ്രൗണ്ടാണിത്. പിച്ച് ഇനി കളി പുരോഗമിക്കുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കും. മൂന്നാംദിനം മുതല്‍ സീമര്‍മാര്‍ക്കു പിച്ചില്‍ നിന്ന് കാര്യമായൊന്നും ലഭിക്കില്ലെന്നായിരുന്നു ബ്രോഡ് ട്വിറ്ററില്‍ കുറിച്ചത്.

https://twitter.com/StuartBroad8/status/1430484902672220171?s=19

അതേസമയം കോഹ്‌ലിയുടെ ഈ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മനീന്ദർ സിങ്ങും രംഗത്തെത്തിയിരുന്നു. പിച്ചിന്റെ സ്വഭാവത്തെപ്പറ്റിയും ഇന്ത്യൻ ബാറ്റിങ് നിരയുടെ ഫോമില്ലായ്മയെപ്പറ്റിയും അറിവുണ്ടായിട്ടും ടോസ് ലഭിച്ചതിനു ശേഷം ബാറ്റു ചെയ്യാനുള്ള തീരുമാനം ശുദ്ധ അബദ്ധമായെന്നു മനീന്ദർ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോടു പ്രതികരിച്ചു. 

ടോസ് ലഭിച്ചാൽ ബാറ്റു ചെയ്യണം എന്നുതന്നെ വിശ്വസിക്കുന്ന ആളാണു ഞാനും. എന്നാൽ പിച്ചിന്റെ സാഹചര്യങ്ങൾ കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. അന്തരീക്ഷം മൂടിക്കെട്ടിയതാണെങ്കിൽ, തലേന്നു രാത്രിയിലെ തീരുമാനം ചിലപ്പോൾ മാറ്റേണ്ടിവന്നേക്കും.  ഇത്രയും പരിചയസമ്പത്തുള്ള വിരാട് കോലി, 1986ൽ ഈ ഗ്രൗണ്ടിൽ കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള രവി ശാസ്ത്രി എന്നിവർ ഇത്ര വലിയ അബദ്ധം എങ്ങനെ കാണിക്കുമെന്നാണു ഞാൻ ആലോചിക്കുന്നത്.