Skip to content

ഇംഗ്ലണ്ടിന്റെ കെണിയിൽ വീഴാതിരിക്കാൻ അന്ന് സച്ചിൻ ചെയ്തത് പോലെ കോഹ്ലിയും ചെയ്യണം ; ഉപദേശവുമായി സുനിൽ ഗവാസ്കർ

ക്യാപ്റ്റനെന്ന നിലയിൽ ഇംഗ്ലണ്ടിൽ ആദ്യമായി കോഹ്ലി ടോസ് നേടിയപ്പോൾ ഇങ്ങനെയൊരു ദുരന്തം കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല. ലോർഡ്സ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ലീഡ്സിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്ലിയെയും കൂട്ടരെയും ഇംഗ്ലണ്ട് പേസ് നിര ഒന്നിനു പിറകെ ഒന്നായി വീഴ്ത്തുന്ന കാഴ്ചയാണ് മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം കണ്ടത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂട്ടത്തോടെ കൂടാരം കയറിയപ്പോൾ 78 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ നിരയിൽ ചെറുത്തുനിൽക്കാൻ ശ്രമം നടത്തിയത് ഓപ്പണർ രോഹിത് മാത്രമാണ്.

എന്നാൽ 105 പന്തിൽ നിന്ന് 19 റൺസ് നേടി നിൽക്കെ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. രോഹിതിനു പുറമേ അജിൻക്യ രഹാനെ മാത്രമാണ് ഇന്ത്യൻ നിരയിൽ (18) രണ്ടക്കം കണ്ടത്.
ഒന്നാം ദിനം മത്സരം അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസ് കൂടി നേടിയിട്ടുണ്ട്. 42 ഓവർ ബാറ്റു ചെയ്താണ് ഇംഗ്ലണ്ട് ഓപ്പണർമാർ 120 റൺസ് കൂട്ടിച്ചേർത്തത്. ഇരുവരും അർധസെഞ്ചുറിയും തികച്ചു. കളി നിർത്തുമ്പോൾ റോറി ബേൺസ് 52 റൺസോടെയും ഹസീബ് ഹമീദ് 60 റൺസോടെയും ക്രീസിലുണ്ട്.

10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി.
അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മോശം ഫോമിൽ തുടരുകയാണ്. കോഹ്‌ലിയുടെ ഔട്ട്സൈഡ് ഓഫ് വീക്നെസ് മുതലെടുത്താണ് ഇത്തവണയും ഇംഗ്ലണ്ട് പുറത്താക്കിയത്. 2014 സീരീസിന്റെ തനി ആവർത്തനമാണ് ഇത്തവണയും കണ്ടു കൊണ്ടിരിക്കുന്നത്. സെഞ്ചുറി നേടാതെ 50 ഇന്നിംഗ്സുകൾ പിന്നിട്ടിരിക്കുകയാണ് കോഹ്ലി. 2019ലാണ് അവസാനമായി സെഞ്ചുറി നേടിയത്.

മത്സരത്തിനിടെ കമെന്ററി ബോക്സിൽ ഉണ്ടായിരുന്ന ഇതിഹാസ താരം സുനിൽ ഗവാസ്കർ ഉപദേശവുമായി രംഗത്തെത്തി. ” കോഹ്ലി പെട്ടെന്ന് തന്നെ സച്ചിൻ വിളിച്ച് ഉപദേശം തേടണം. സിഡ്നിയിൽ സച്ചിൻ തെൻഡുൽക്കർ ചെയ്തതുപോലെ കോഹ്ലി ചെയ്യണം.  ഞാൻ കവർ ഡ്രൈവ് കളിക്കാൻ പോകുന്നില്ലെന്ന് സ്വയം പറയുക. 6-7 സ്റ്റമ്പിലേക്ക് വരുന്ന ഡെലിവറികളിൽ  പോലും അദ്ദേഹം പുറത്താകുന്നത് എന്നെ അൽപ്പം ആശങ്കപ്പെടുത്തുന്നു. 2014 പോലെ ആവർത്തിക്കുകയാണ് ”  – ഗവാസ്കർ പറഞ്ഞു.

2003-04 ബോർഡർ ഗവാസ്കർ ട്രോഫിയിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഒരു കവർ ഡ്രൈവ് ബൗണ്ടറി പോലും നേടാതെ സച്ചിൻ ഡബിൾ സെഞ്ചുറി നേടിയിരുന്നു (241*). കഴിഞ്ഞ 6 ഇന്നിങ്സിൽ ഒരു അർധ സെഞ്ചുറി പോലും നേടാനാകാതെ പുറത്തായതോടെയാണ് സച്ചിൻ ഈ ഐതിഹാസിക ഇന്നിംഗ്സ് കളിച്ചത്. ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകളിൽ പല തവണ ആ സീരീസിൽ സച്ചിൻ പുറത്തായിരുന്നു.