അഹങ്കാരം പോക്കറ്റിലിട്ട് വേണം ഇംഗ്ലണ്ടിൽ ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടത്, കാരണമിതാണ് : കോഹ്ലി പറയുന്നു

തന്റെ ടീമിന് ശക്തമായ ഇംഗ്ലണ്ടിനെ പോലും സ്വന്തം വീട്ടുമുറ്റത്ത് തോൽപ്പിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. എന്നാൽ കഠിനമായ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ  അഹങ്കാരം പോക്കറ്റിൽ സൂക്ഷിക്കുന്നതാണ് വിവേകമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ട് മുൻനിര ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, പ്രധാന പേസർമാരായ ജോഫ്ര ആർച്ചേഴ്സ്, ക്രിസ് വോക്സ് എന്നിവരില്ലായിരുന്നു, ഇപ്പോഴിതാ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാമത്തെ മത്സരത്തിൽ നിന്ന് പേസർ മാർക്ക് വുഡും പുറത്തായിരിക്കുകയാണ്.
ഇത് ചൂണ്ടിക്കാട്ടി പരമ്പര ജയിക്കാനുമുള്ള ശരിയായ സമയമാണോ ഇതെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ കോഹ്ലിയോട് ചോദിക്കുകയുണ്ടായി എന്നാൽ ഈ ചോദ്യം കോഹ്ലിക്ക് രസിച്ചിരുന്നില്ല.

“ഇത് എതിരാളികളുടെ ശക്തിയെ ആശ്രയിച്ചാണോ?  പ്രധാന കളിക്കാർ കളിക്കുമ്പോൾ പോലും, ഞങ്ങൾക്ക് ആരെയും തോൽപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. എതിർ ടീം ദുർബലമാകാൻ ഞങ്ങൾ കാത്തിരിക്കില്ല.  അതിനാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്രയും മികച്ച ക്രിക്കറ്റ് കളിക്കുന്ന ഒരു ടീമിനോട് ചോദിക്കാൻ പറ്റിയ  ചോദ്യമാണ് ഇതെന്ന് ഞാൻ കരുതുന്നില്ല.  എതിർ ദുർബലരാകുന്നതിൽ ഞങ്ങൾ ആശ്രയിക്കുന്നില്ല, ഒരു പരമ്പരയെയും ഞങ്ങൾ അങ്ങനെയല്ല സമീപിക്കുന്നത്. ” കോഹ്ലി പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിലെ ബാറ്റിങ് സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ തിളങ്ങണമെങ്കില്‍ സ്വന്തം അഹങ്കാരം പോക്കറ്റിലിട്ട് ഇറങ്ങണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ പറഞ്ഞു. ‘ ക്രീസിൽ നിലയുറപ്പിച്ചെന്ന് ഇംഗ്ലണ്ടിൽ നിങ്ങൾക്ക് ഒരിക്കലും പറയാൻ കഴിയില്ല.  നിങ്ങളുടെ അഹങ്കാരം പോക്കറ്റിലിട്ട് വേണം ബാറ്റിങ് ചെയ്യാൻ.  30-40 സ്കോറിൽ എത്തിയതിന് പിന്നാലെ അനായാസം കളിക്കാൻ പറ്റുന്ന മറ്റ് സ്ഥലങ്ങളിലെ അവസ്ഥകൾക്ക് സമാനമല്ല ഇവിടെത്തേത് ”അദ്ദേഹം പറഞ്ഞു.

” നിങ്ങളുടെ ആദ്യ 30 റൺസിനായി നിങ്ങൾ ബാറ്റ് ചെയ്യുന്ന അതേ രീതിയിൽ തന്നെ ബാറ്റ് ചെയ്യുകയും തുടർന്ന് സാധ്യമാകുന്നതുവരെ അതേ ടെംപ്ലേറ്റ് ആവർത്തിക്കുകയും വേണം.  ഈ അച്ചടക്കവും ക്ഷമയും ഇംഗ്ലണ്ടിൽ ആവശ്യമാണ്. ഇംഗ്ലണ്ടിൽ ക്ഷമയില്ലെങ്കിൽ,  എത്ര പരിചയസമ്പന്നനാണെങ്കിലും നിങ്ങളുടെ പേരിൽ എത്ര റൺസ് ഉണ്ടെങ്കിലും  എപ്പോൾ വേണമെങ്കിലും ഔട്ട് ആയേക്കാം. അതുപോലെ ബാറ്റ് ചെയ്യുമ്ബോള്‍ മികച്ച തീരുമാനങ്ങളെടുക്കാനും കഴിയണം. കാരണം ബാറ്റ് ചെയ്യാന്‍ ലോകത്തേറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേത്. എന്റെ അഭിപ്രായത്തിൽ ” കോഹ്ലി വ്യക്തമാക്കി