Skip to content

‘ ബുംറയുടെ ലക്ഷ്യം എന്നെ പുറത്താക്കാനല്ലായിരുന്നു, കരിയറിൽ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ട് ‘ : ആൻഡേഴ്‌സൺ

ലോർഡ്സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്  മത്സരത്തിനിടെ ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രിത് ബുംറയും ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സനും ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ ഈ വാക്ക്പോരിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഈ പോരിനെ കുറിച്ച് മനസ്സുതുറന്ന് ആൻഡേഴ്‌സൺ രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കാൻ ഏതാനും ഓവറുകൾ ബാക്കി നിൽക്കെയാണ് ആൻഡേഴ്സൻ ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയത്.

ഓവർ ചെയ്യാനെത്തിയ ബുംറ തുടർച്ചയായി ബൗണ്സറുകളും ഷോർട്ട് ബോളുകളും എറിഞ്ഞ് ആന്ഡേഴ്സനെ ആക്രമിക്കുകയായിരുന്നു.
ആ ഓവറിൽ തന്നെ 4 നോ ബോളും ബുംറ എറിയുകയുണ്ടായി. ഇതിനിടെ ബുംറയുടെ ഒരു ഡെലിവറി ആൻഡേഴ്സന്റെ ഹെൽമറ്റിൽ പതിച്ചിരുന്നു. ആ ശരിക്കും ആൻഡേഴ്‌സനെ വലച്ചിരുന്നു.
ഷമിയുടെ പന്തിൽ ബൗൾഡ് ആയി ഡ്രസിങ് റൂമിലേക്ക് ആൻഡേഴ്സൻ മടങ്ങുന്നതിനിടെ ബുംറ ക്ഷമ ചോദിക്കാൻ പിറകെ ചെന്നിരുന്നു. എന്നാൽ പ്രകോപനപരമായാണ് ആൻഡേഴ്സൻ ഇതിന് മറുപടി നൽകിയത്.

“നിന്നോട് ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ’ എന്ന ചോദ്യവുമായിട്ടാണ് ആൻഡേഴ്സൻ ബുംറ കയർത്തത്. ആൻഡേഴ്സനിൽനിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനും ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധറും യൂട്യൂബ് വിഡിയോയിലൂടെ  വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ബുംറ നടത്തിയ ബൗളിങ് ആക്രമണം തന്നെ പുറത്താക്കാനുള്ള ലക്ഷ്യമിട്ടായിരുന്നില്ലെന്നാണ് ആൻഡേഴ്സന്റെ ആരോപണം. അതുകൊണ്ടുതന്നെ ഏറു ദേഹത്തു കൊള്ളാതിരിക്കാനാണ് താൻ ആ ഓവറിലുടനീളം ശ്രദ്ധിച്ചതെന്ന് ആൻഡേഴ്സൻ വെളിപ്പെടുത്തി.

” പിച്ചിന് വേഗം തീരെ കുറവാണെന്നാണ് ബാറ്റു ചെയ്തവരെല്ലാം എന്നോടു പറഞ്ഞത്. അതനുസരിച്ചാണ് ഞാൻ ക്രീസിൽ നിന്നതും. ബാറ്റിങ്ങിനായി ഞാൻ ക്രീസിലെത്തിയപ്പോൾ റൂട്ട് പറഞ്ഞത് ബുംറ സാധാരണ എറിയുന്നത്ര വേഗത്തിലല്ല ഇപ്പോൾ ബോൾ ചെയ്യുന്നതെന്നാണ്. എന്നിട്ടും എനിക്കെതിരായ ആദ്യ പന്ത് വന്നത് മണിക്കൂറിൽ 90 മൈൽ വേഗത്തിൽ. ശരിയല്ലേ? ഇത്തരമൊരു അനുഭവം മുൻപ് ഒരാളിൽനിന്നും എനിക്കുണ്ടായിട്ടില്ല. ബുമ്രയുടെ ലക്ഷ്യം എന്നെ പുറത്താക്കുകയായിരുന്നില്ല എന്ന് എനിക്ക് തോന്നി ” ആൻഡേഴ്സൻ വിശദീകരിച്ചു.

നോബോളുകൾ സഹിതം 10 പന്തെറിഞ്ഞ് ബുമ്ര പൂർത്തിയാക്കിയ ആ ഓവറിനെക്കുറിച്ചും ആ ഓവർ അതിജീവിക്കാൻ സഹിച്ച ബുദ്ധിമുട്ടിനെക്കുറിച്ചും ആൻഡേഴ്സൻ വിവരിച്ചു. ” ബുംറയ്ക്ക് എന്നെ പുറത്താക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് തോന്നി. ഒരു ഓവർ പൂർത്തിയാക്കാൻ ബുംറ ആകെ ബോൾ ചെയ്തത് പത്തോ പതിനൊന്നോ പന്തുകളാണ്. ഒന്നിനു പുറകേ ഒന്നായി ബുംറ നോബോളുകൾ എറിഞ്ഞു. ഇടയ്ക്ക് ഷോർട്ട് പിച്ച് പന്തുകളും. രണ്ടു പന്തുകൾ സ്റ്റംപിനുനേരെ വന്നത് ഞാൻ തടുത്തിട്ടു. എന്നെ സംബന്ധിച്ച് എങ്ങനെയെങ്കിലും ആ ഓവർ ഒന്ന് പൂർത്തിയാക്കി റൂട്ടിന് സ്ട്രൈക്ക് കൈമാറുന്നതായിരുന്നു പ്രധാനം ” ആൻഡേഴ്സൻ പറഞ്ഞു.