Skip to content

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ സംഭവങ്ങളിലേക്കും താരങ്ങൾ തമ്മിലുള്ള കൂടുതൽ വാക്ക്പോരിലേക്കും നയിച്ചത്.

( Picture Source : Twitter )

തന്റെ യൂട്യൂബ്‌ ചാനലിൽ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധരുമായി നടത്തിയ അഭിമുഖത്തിലാണ് മത്സരത്തിലെ വാക്കേറ്റങ്ങൾക്ക് വഴിയൊരുക്കിയ സംഭവം രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തിയത്. ജെയിംസ് ആൻഡേഴ്സനെ പോലെയൊരു താരത്തിൽ നിന്നുമുള്ള ഇത്തരത്തിലൊരു പ്രതികരണം തന്നെ അത്ഭുതപെടുത്തിയാണെന്നും ബുംറയ്ക്കെതിരെ ആൻഡേഴ്സൻ പ്രയോഗിച്ച വാക്കുകൾ ഇന്ത്യൻ ടീമിനെ ഒന്നടങ്കം ചൊടിപ്പിച്ചുവെന്നും അതിന്റെ പ്രതിഫലനമാണ് അഞ്ചാം ദിനത്തിൽ കണ്ടതെന്നും അശ്വിൻ പറഞ്ഞു.

( Picture Source : Twitter )

” നീയെന്തിനാണ് ഇത്രയും വേഗത്തിൽ ബൗൾ ചെയ്യുന്നത്, ഞാൻ നിനക്കെതിരെ ഇങ്ങനെ ചെയ്തില്ലല്ലോ, ഇതുവരെ നീ 80mph വേഗതയിലാണ് പന്തെറിഞ്ഞുകൊണ്ടിരുന്നത്. എന്നെകണ്ടയുടനെ നീയെന്തിനാണ് 90 വേഗതയിൽ എറിയുന്നത്. ? ആൻഡേഴ്സൻ ബുംറയോട് പറഞ്ഞതായി അശ്വിൻ പറഞ്ഞു.

( Picture Source : Twitter )

ബുംറയുടെ വേഗതയേറിയ പന്തിൽ ആൻഡേഴ്സൻ പതറിയിട്ടുണ്ടാകാമെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചില്ലയെന്നും അശ്വിൻ പറഞ്ഞു. എന്നാൽ ഇതിനുപുറമെ പുറത്തുപറയാൻ സാധിക്കാത്ത മോശം വാക്കുകൾ ആൻഡേഴ്സൻ ബുംറയ്ക്ക് നേരെ പ്രയോഗിച്ചുവെന്നും അശ്വിൻ പറഞ്ഞു.

മത്സരത്തിൽ 151 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 120 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 25 ന് ലീഡ്സിലാണ് പരമ്പരയിലെ മൂന്നാം മത്സരം.

( Picture Source : Twitter )