ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ശക്തമായ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് അടക്കമുള്ളവർ ലോകകപ്പിൽ കളിക്കും. ഒരേയൊരു പുതുമുഖം മാത്രമാണ് ലോകകപ്പ് ടീമിലുള്ളത്.
വെസ്റ്റിൻഡീസിസ്, ബംഗ്ലാദേശ് പരമ്പരകളിൽ ടീമിൽ ഇല്ലാതിരുന്ന സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് എന്നിവർ ടീമിൽ തിരിച്ചെത്തി. ആരോൺ ഫിഞ്ചാണ് പതിനഞ്ചംഗ ടീമിനെ നയിക്കുന്നത്. വെസ്റ്റിൻഡീസ് പര്യടനത്തിനിടെ പരിക്ക് പറ്റി സർജറിയ്ക്ക് വിധേയനായ ഫിഞ്ച് ലോകകപ്പിന് മുൻപായി പരിക്കിൽ നിന്നും മുക്തനായേക്കും.
ജോഷ് ഇൻഗ്ലിസാണ് ടീമിലെ ഒരേയൊരു പുതുമുഖം. മോശം ഫോമിൽ തുടരുന്ന വിക്കറ്റ് കീപ്പർ അലക്സ് കാരിയെ ടീമിൽ നിന്നും ഒഴിവാക്കി. മാത്യു വേഡായിരിക്കും ടീമിലെ വിക്കറ്റ് കീപ്പർ. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ, മിച്ചൽ സ്വെപ്സൺ എന്നിവരാണ് ടീമിലെ ബൗളർമാർ. ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ എന്നിരടങ്ങിയ ശക്തമായ ഓൾറൗണ്ടർ നിര ടീമിനുണ്ട്.
തുടർച്ചയായ 5 ടി20 പരമ്പരയിൽ പരാജയപെട്ട ശേഷമാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന് എത്തുന്നത്. ബംഗ്ലാദേശിനെതിരെ 4-1 ന് പരാജയപെട്ട ഓസ്ട്രേലിയ, വെസ്റ്റിൻഡീസിനെതിരെ 4-1 നും ന്യൂസിലാൻഡിനെതിരെ 3-2 നും ഇന്ത്യയ്ക്കെതിരെ 2-1 നും ഇംഗ്ലണ്ടിനെതിരെ 2-1 നും പരാജയപെട്ടിരുന്നു. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം ;
ആരോൺ ഫിഞ്ച് (c), പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാംപ.