Skip to content

അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ലോർഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ജെയിംസ് ആൻഡേഴ്സണെ ലക്ഷ്യം വെച്ചതുകൊണ്ടാണ് ഇന്ത്യയ്ക്കെതിരെയും അതേ രീതിയിൽ കളിച്ചതെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സിവർവുഡ്. ഇത്തരം പോരാട്ടങ്ങൾക്ക് ഞങ്ങൾക്കും ഭയമില്ലയെന്നും ഇത്തരം പോരാട്ടം മികച്ച മത്സരമാക്കി മാറ്റുമെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു.

( Picture Source : Twitter )

ആവേശകരമായ മത്സരത്തിനൊപ്പം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും ലോഡ്‌സ്‌ ടെസ്റ്റ് വേദിയായിരുന്നു. മത്സരത്തിൽ 151 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 128 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടപെടുകയായിരുന്നു.

ബുംറയും ഷാമിയും തമ്മിലുള്ള ഒമ്പതാം വിക്കറ്റ് കൂട്ടുക്കെട്ടാണ് മത്സരം ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നും തട്ടിയെടുത്തത്. ഒമ്പതാം വിക്കറ്റിൽ 89 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ഷാമി 70 പന്തിൽ 56 റൺസ് നേടിയപ്പോൾ ജസ്പ്രീത് ബുംറ 64 പന്തിൽ 34 റൺസ് നേടി.

( Picture Source : Twitter )

” അൽപ്പം പോരാട്ടത്തിന് ഞങ്ങൾക്ക് ഭയമില്ല. അവർ ഞങ്ങളെയടിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും. എന്നെ സംബന്ധിച്ച് അത് മികച്ച മത്സരത്തിന് വഴിതെളിയിക്കും. മത്സരഫലം എതിരായതിൽ നിരാശയുണ്ട്. എന്നാൽ ആവേശകരമായ ടെസ്റ്റ് മത്സരം കാണുവാൻ സാധിച്ചു. രണ്ട് രാജ്യത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ടീമിലെ താരങ്ങൾ തമ്മിലുള്ള പോരാട്ടം തീർച്ചയായും തീ പാറും. ” സിൽവർവുഡ് പറഞ്ഞു.

( Picture Source : Twitter )

” വികാരങ്ങൾ ഉയർന്നുവെന്നത് ശരിതന്നെ. അതിൽ സംശയമില്ല. ആദ്യ ഇന്നിങ്സിൽ അവർ ആൻഡേഴ്സനെ ലക്ഷ്യം വെച്ചുവെന്നതിൽ തർക്കമില്ല. ഞങ്ങളും അതിനെതിരെ തിരിച്ചടിക്കാൻ ശ്രമിച്ചു. അവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ വാലറ്റത്തെ നേരിടുന്നതിൽ ഞങ്ങൾക്ക് പിഴവ് പറ്റി ഞങ്ങൾ അതിൽ നിന്നും പഠിക്കും. ” സിൽവർവുഡ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )