Skip to content

ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

തകർപ്പൻ പ്രകടനമാണ് ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ രണ്ടിന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ സിറാജ് നേടിയിരുന്നു. ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് മൊഹമ്മദ് സിറാജ്.

( Picture Source : Twitter / BCCI )

മത്സരത്തിൽ 151 റൺസിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്സിൽ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 120 റൺസ് എടുക്കുന്നതിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഇന്ത്യയ്ക്ക് മൊഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 209 റൺസിന് 8 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യയെ ഒമ്പതാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത ബുംറയും ഷാമിയുമാണ് മത്സരത്തിൽ തിരികെയെത്തിച്ചത്.

( Picture Source : Twitter / BCCI )

മത്സരത്തിലെ രണ്ടാം ഇന്നിങ്സിലെ നാല് വിക്കറ്റും ആദ്യ ഇന്നിങ്സി നാല് വിക്കറ്റുമടക്കം മത്സരത്തിൽ 126 റൺസ് വഴങ്ങി 8 വിക്കറ്റുകൾ സിറാജ് വീഴ്ത്തി. ഇതോടെ ലോർഡ്സിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം സിറാജ് സ്വന്തമാക്കി.

( Picture Source : Twitter / BCCI )

1982 ൽ ലോർഡ്സിൽ 168 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് സിറാജ് തകർത്തത്. 2007 ൽ 117 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ആർ പി സിങ്, 1996 ൽ 130 റൺസ് വഴങ്ങി 7 വിക്കറ്റ് നേടിയ വി പ്രസാദ്, 2014 ൽ 135 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മ എന്നിവരാണ് ഈ നേട്ടത്തിൽ സിറാജിന് പിന്നിലുള്ളത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക്കിനുള്ള അവസരം സിറാജ് സൃഷ്ടിച്ചിരുന്നു. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ ശേഷിക്കെ അർഹിച്ച ഹാട്രിക് സിറാജ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : Twitter / BCCI )