Skip to content

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ കെ എൽ രാഹുലിന് സാധിച്ചു.

( Picture Source : Twitter / BCCI )

ടെസ്റ്റിൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ ഓവർസീസ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറാണ് കെ എൽ രാഹുൽ. ഇതിനുമുൻപ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഓവർസീസ് സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണറും കെ എൽ രാഹുലായിരുന്നു. ലോർഡ്സിൽ സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനും മൂന്നാമത്തെ മാത്രം ഇന്ത്യൻ ഓപ്പണറുമാണ് കെ എൽ രാഹുൽ. 1952 ൽ വിനൂ മങ്കാദ്, 1990 ൽ രവി ശാസ്ത്രി എന്നിവരാണ് ലോർഡ്സിൽ കെ എൽ രാഹുലിന് മുൻപ് ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ഓപ്പണർമാർ.

( Picture Source : Twitter / BCCI )

ടെസ്റ്റ് കരിയറിലെ കെ എൽ രാഹുലിന്റെ ആറാം സെഞ്ചുറിയും ഏഷ്യയ്ക്ക് പുറത്ത് താരം നേടുന്ന നാലാം സെഞ്ചുറിയുമാണിത്. ഇതോടെ ടെസ്റ്റിൽ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറെന്ന നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പം കെ എൽ രാഹുലെത്തി.

( Picture Source : Twitter / BCCI )

ഇതിനുമുൻപ് 2014-15 ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലും 2016 ലെ വെസ്റ്റിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും 2018 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഓവൽ ടെസ്റ്റിലും കെ എൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു.

ഓപ്പണറായി ഏഷ്യയ്ക്ക് പുറത്ത് 15 സെഞ്ചുറി നേടിയിട്ടുള്ള സുനിൽ ഗാവസ്‌കറാണ് ഈ നേട്ടത്തിൽ കെ എൽ രാഹുലിനും വീരേന്ദർ സെവാഗിനും മുൻപിലുള്ളത്.

( Picture Source : Twitter / BCCI )

ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് കെ എൽ രാഹുൽ. വിനൂ മങ്കാദ്, ദിലിപ് വെങ്സർക്കാർ, ഗുണ്ടപ്പ വിശ്വനാഥ്, രവി ശാസ്ത്രി, മൊഹമ്മദ് അസറുദീൻ, സൗരവ്‌ ഗാംഗുലി, അജിത് അഗർക്കാർ, രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ എന്നിവരാണ് ലോർഡ്സിൽ കെ എൽ രാഹുലിന് മുൻപ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

( Picture Source : Twitter / BCCI )