CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം

മികച്ച പ്രകടനമാണ് ട്രെൻഡ്ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ ജോ റൂട്ടിന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ ഇംഗ്ലണ്ട് നേടിയത്.

( Picture Source : Twitter / England Cricket )

ടെസ്റ്റിലെ തന്റെ അമ്പതാം ഫിഫ്റ്റിയാണ് മത്സരത്തിൽ ജോ റൂട്ട് നേടിയത്. ഫിഫ്റ്റി സെഞ്ചുറിയാക്കാൻ പരാജയപെടുന്നതിൽ ധാരാളം വിമർശനങ്ങൾ നേരിടുന്ന താരം കൂടിയാണ് ജോ റൂട്ട്. എന്നിരുന്നാലും ഇക്കാര്യത്തിൽ ഒരു ചരിത്രനേട്ടമാണ് ജോ റൂട്ടിനെ കാത്തിരിക്കുന്നത്. നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയവരുടെ പട്ടികയിൽ 12 ആം സ്ഥാനത്താണ് ജോ റൂട്ടുള്ളത്. 68 ഫിഫ്റ്റിയോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

19 ഫിഫ്റ്റി കൂടെ നേടാനായാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം റൂട്ടിന് സ്വന്തമാക്കാൻ കഴിയും. ഫിഫ്റ്റിയുടെ കാര്യത്തിൽ ഫാബ് ഫോറിലെ മറ്റു താരങ്ങൾ റൂട്ടിന് ബഹുദൂരം പിന്നിലാണ്. സ്മിത്ത് 27 ഫിഫ്റ്റിയും കോഹ്ലി 25 ഫിഫ്റ്റിയും കെയ്ൻ വില്യംസൺ 24 ഫിഫ്റ്റിയും മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ ഇതുവരെ 106 മത്സരങ്ങൾ കളിച്ചിട്ടുള്ള ജോ റൂട്ട് 48.76 ശരാശരിയിൽ 8778 റൺസ് നേടിയിട്ടുണ്ട്‌. 50 ഫിഫ്റ്റിയ്ക്ക് പുറമെ 20 സെഞ്ചുറിയും ഇംഗ്ലണ്ട് ക്യാപ്റ്റൻ നേടിയിട്ടുണ്ട്‌. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും ജോ റൂട്ട് സ്വന്തമാക്കി. 257 മത്സരങ്ങളിൽ നിന്നും 15,737 റൺസ് നേടിയ മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനെയാണ് ജോ റൂട്ട് പിന്നിലാക്കിയത്.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി 290 മത്സരങ്ങളിൽ നിന്നും 48.70 ശരാശരിയിൽ 36 സെഞ്ചുറിയും 90 ഫിഫ്റ്റിയുമടക്കം 15,780 റൺസ് ജോ റൂട്ട് നേടിയിട്ടുണ്ട്‌.

( Picture Source : Twitter )