Skip to content

അവന് വസിം അക്രത്തെയോ ഷെയ്ൻ വോണിനെയോ നേരിടേണ്ടി വന്നിട്ടില്ല, സച്ചിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുതെന്ന് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യരുതെന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. കോഹ്ലി കളിച്ചത് സച്ചിന്റെ കാലഘട്ടത്തിലല്ലയെന്നും ആ കാലഘട്ടത്തിലെ പോലെ മികച്ച ബൗളർമാർ ഇന്നില്ലയെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ അക്തർ പറഞ്ഞു.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ സച്ചിൻ ടെണ്ടുൽക്കറുമായാണ് വിരാട് കോഹ്ലി താരതമ്യം ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് കോഹ്ലിയുള്ളത്. പട്ടികയിൽ തലപ്പത്തുള്ള സച്ചിൻ 34357 റൺസ് നേടിയപ്പോൾ കോഹ്ലി 22875 റൺസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്‌. ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ നിലവിൽ 100 സെഞ്ചുറി നേടിയ സച്ചിനും 71 സെഞ്ചുറി നേടിയ പോണ്ടിങിനും പുറകിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലിയുള്ളത്.

( Picture Source : Twitter )

” കോഹ്ലിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നത് നിർത്തൂ. അവൻ സച്ചിന്റെ കാലഘട്ടത്തിലല്ല കളിച്ചത്. സച്ചിൻ കളിച്ചത് 50 ഓവർ ക്രിക്കറ്റിന്റെ കാലഘട്ടത്തിലാണ്. അവിടെ 10 ഓവറിന് ശേഷം ബൗളർമാർക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കും. സച്ചിൻ നേരിട്ടതാകട്ടെ വസിം അക്രത്തെയും വഖാർ യൂനിസിനെയും ഒപ്പം ഷെയ്ൻ വോണിന്റെ സ്പിൻ ബൗളിങിനെയും ” അക്തർ പറഞ്ഞു.

( Picture Source : Twitter )

” ആ കാലത്ത് എല്ലാ ടീമിലും സ്‌പെഷ്യലിസ്റ്റ് ബൗളർമാർ ഉണ്ടായിരുന്നു. ലാൻസ്‌ ക്ലൂസ്‌നേർ, ജാക്ക് കാലിസ്, ഷോൺ പൊള്ളോക്ക്, അലൻ ഡൊണാൾഡ്, മഖായ എന്റിനി എല്ലാ ടീമിലും 5 മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എത്ര പേരുണ്ട്. പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡുമുണ്ട്, അവരെ ഒഴിച്ചാൽ വേറെ ആരാണുള്ളത്. ” അക്തർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഏകദിന ക്രിക്കറ്റിൽ 43 സെഞ്ചുറി നേടിയിട്ടുള്ള കോഹ്ലിക്ക് 7 സെഞ്ചുറി കൂടെ നേടിയാൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കാൻ സാധിക്കും. എന്നാൽ ടെസ്റ്റിൽ 51 സെഞ്ചുറിയോടെ ബഹുദൂരം മുന്നിലാണ് സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റിൽ 27 സെഞ്ചുറിയാണ് കോഹ്ലി നേടിയിട്ടുള്ളത്.

 

( Picture Source : Twitter )