Skip to content

1980 ന് ശേഷം ഇതാദ്യം, അരങ്ങേറ്റം കുറിച്ചത് 5 താരങ്ങൾ, നീണ്ട കാത്തിരിപ്പിനൊടുവിൽ അരങ്ങേറ്റം കുറിച്ച് സഞ്ജു സാംസണും

അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം. മലയാളി താരം സഞ്ജു സാംസനടക്കം അഞ്ച് ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചതോടെ അപൂർവ്വപട്ടികയിൽ ഇടംനേടിയിരിക്കുകയാണ് ഈ മത്സരം.

( Picture Source : Twitter / ICC )

സഞ്ജു സാംസനൊപ്പം കൃഷ്ണപ്പ ഗൗതം, നിതീഷ് റാണ, ചേതൻ സക്കറിയ, രാഹുൽ ചഹാർ എന്നിവരാണ് അവരുടെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 1980 ന് ശേഷം ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റിലെ ഒരു മത്സരത്തിൽ 5 ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചത്. ഇതിനുമുൻപ് 41 വർഷങ്ങൾക്ക് 1980 ൽ മെൽബണിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലാണ് 5 താരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടുള്ളത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിക്കുന്ന പരമ്പര കൂടിയാണിത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തോടെ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഏകദിന അരങ്ങേറ്റം കുറച്ചിരുന്നു.

( Picture Source : Twitter )

നീണ്ട കാത്തിരിപ്പിനൊടുവിലാണ് മലയാളി താരം സഞ്ജു സാംസൺ ഏകദിന അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 2015 ജൂലൈയിൽ സിംബാബ്‌വെയ്ക്കെതിരായ ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സഞ്ജു 6 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മത്സരത്തിൽ 46 പന്തിൽ 46 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് സാധിച്ചു. 5 ഫോറും ഒരു സിക്സും മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നു.

( Picture Source : Twitter )

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് നേടിയത്.

( Picture Source : Twitter / BCCI )