Skip to content

ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് ഏകദിന ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീം അനായാസ വിജയം നേടിയതിനൊപ്പം 86 റൺസ് നേടി പുറത്താകാതെ നിന്ന ധവാൻ ചില തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി.

( Picture Source : Twitter / ICC )

ഏഴ്‌ വിക്കറ്റിനാണ് മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 36.4 ഓവറിൽ ഇന്ത്യ മറികടന്നു. 24 പന്തിൽ 43 റൺസ് നേടിയ പൃഥ്വി ഷാ, 42 പന്തിൽ 59 റൺസ് നേടിയ ഇഷാൻ കിഷൻ, 95 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ ക്യാപ്റ്റൻ ശിഖാർ ധവാൻ എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ 95 പന്തിൽ നിന്നും 6 ഫോറും ഒരു സിക്സും ഉൾപ്പെടെ 86 റൺസ് നേടി ധവാൻ പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് ഇന്ത്യൻ ഓപ്പണർ പൂർത്തിയാക്കി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും ധവാൻ സ്വന്തമാക്കി. 140 ഇന്നിങ്‌സിൽ നിന്നാണ് ധവാൻ ഈ നാഴികല്ല് പിന്നിട്ടത്. 141 ഇന്നിങ്‌സുകളിൽ നിന്നും ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടിയ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ്, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട് എന്നിവരെയാണ് ധവാൻ പിന്നിലാക്കിയത്.

( Picture Source : Twitter / BCCI )

139 ഇന്നിങ്സിൽ 6000 റൺസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും 136 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഈ പട്ടികയിൽ ധവാന് മുൻപിലുള്ളത്. വെറും 123 ഇന്നിങ്സിൽ നിന്നും 6000 റൺസ് നേടിയ മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസും ശിഖാർ ധവാൻ പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന പതിനാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ശിഖാർ ധവാൻ.

( Picture Source : Twitter / BCCI )