Skip to content

ആ 2 നേട്ടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഇഷാൻ കിഷൻ

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ എകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഇഷാന്‍ കിഷനും ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വുറി നേടി.

തുടക്കം മുതലേ തകര്‍ത്തടിച്ച പൃഥ്വി ഷായാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. 24 പന്തുകള്‍ നേരിട്ട ഷാ 9 ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത് പുറത്തായി.

പിന്നാലെയെത്തിവരും ഗംഭീരമാക്കി. 42 പന്തില്‍ 59 റണ്‍സുമായി ഇഷാന്‍ കിഷനും 20 പന്തില്‍ 31 സൂര്യകുമാര്‍ യാദവും അരങ്ങേറ്റ മത്സരം മധുരിക്കുന്ന ഓര്‍മയാക്കിയപ്പോള്‍ നായകന്‍റെ പക്വതയുമായി ശിഖര്‍ ധവാന്‍ ( 95 പന്തില്‍ 86 ) ഒരറ്റത്ത്​ പിടിച്ചു നിന്നു.

അരങ്ങേറ്റ മത്സരത്തിൽ തകർത്താടിയ കിഷൻ 2 അപൂർവ്വ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. 33 പന്തില്‍ നിന്നാണ് കിഷൻ അരങ്ങേറ്റ മത്സരത്തിലെ അര്‍ധസെഞ്ചുറി കടന്നത്.  ടി20 അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ കിഷന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഇതോടെ 2 ഫോർമാറ്റിലും അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യകാരനായി കിഷൻ മാറി. 16 ഇന്ത്യൻ താരങ്ങൾ ഏകദിന അരങ്ങറ്റത്തിൽ അർധ സെഞ്ചുറി നേടിയിട്ടുണ്ട്. ടി20 അരങ്ങേറ്റത്തിൽ ഈ നേട്ടം സ്വന്തമാക്കിയവർ 2 പേരാണ്.

അതേസമയം ഏകദിന ക്രിക്കറ്റിൽ നേരിട്ട ആദ്യ പന്തിൽ സിക്സ് പറത്തിയ കിഷൻ കാൽ വെച്ചത് മറ്റൊരു അപൂർവ്വ നേട്ടത്തിൽ കൂടിയായിരുന്നു.  ഏകദിന കരിയറിൽ  ആദ്യ പന്തിൽ സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കിഷൻ.  അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ്.