Skip to content

സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല ; വസിം ജാഫർ

ശ്രീലങ്കയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിൽ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ പ്രകടനത്തിന് വേണ്ടിയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. പര്യടനത്തിൽ സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ലയെന്നും വസിം ജാഫർ പറഞ്ഞു.

( Picture Source : Twitter / BCCI )

ഇന്ത്യയ്ക്ക് വേണ്ടി 2015 ൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും നീലകുപ്പായത്തിൽ തിളങ്ങാൻ സഞ്ജുവിന് സാധിച്ചില്ല. 7 ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള സഞ്ജുവിന് 11.86 ശരാശരിയിൽ 83 റൺസ് നേടാൻ മാത്രമേ സാധിച്ചിട്ടുള്ളൂ.

( Picture Source : Twitter / BCCI )

” പര്യടനത്തിൽ ഞാൻ നോക്കികാണുന്ന മറ്റൊരു താരം സഞ്ജു സാംസനാണ്. അവൻ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ മികച്ച കളിക്കാരനാണ് എന്നാൽ ഇന്ത്യൻ ടീമിന് വേണ്ടി സ്വന്തം കഴിവിനോട് നീതി പുലർത്താൻ അവൻ സാധിച്ചിട്ടില്ലയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ”

” ഐ പി എല്ലിൽ റൺസ് നേടാൻ അവന് സാധിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റ്സ്മാനെന്ന പേര് അവന് ലഭിച്ചിട്ടുണ്ട്. അവൻ ഒരു മത്സരത്തിൽ റൺസ് നേടിയാൽ പിന്നീടുള്ള മൂന്നോ നാലോ മത്സരങ്ങളിൽ കുറഞ്ഞ സ്കോറിന് പുറത്താകും. അതിന് ശേഷം വീണ്ടും അവൻ റൺസ് സ്കോർ ചെയ്യും. ഈ പിഴവ് അവൻ പരിഹരിക്കേണ്ടതുണ്ട്. ” വസിം ജാഫർ പറഞ്ഞു.

( Picture Source : Twitter / BCCI )

” ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായതിന് ശേഷം അവനിൽ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതൽ ഉത്തരവാദിത്വത്തോടെ കൂടുതൽ മത്സരങ്ങളിൽ അവൻ കളിച്ചു. അവനിൽ നിന്നും നമ്മൾ കാണാനാഗ്രഹിക്കുന്നതും അതുതന്നെയാണ് കാരണം അസാമാന്യ കഴിവ് സഞ്ജുവിനുണ്ട്. ” വസിം ജാഫർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

ഐ പി എല്ലിൽ 114 മത്സരങ്ങളിൽ നിന്നും 28.89 ശരാശരിയിൽ 2861 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്‌. 2021 സീസണിൽ 7 മത്സരങ്ങളിൽ നിന്നും 46.16 ശരാശരിയിൽ 277 റൺസും സഞ്ജു നേടിയിരുന്നു.

( Picture Source : Twitter / BCCI )