Skip to content

പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ഇന്ത്യൻ യുവതാരം പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയാണെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പൃഥ്വി ഷായ്ക്ക് തിളങ്ങാൻ സാധിക്കുന്നത് ഏകദിനത്തിലും ടി20 ക്രിക്കറ്റിലായിരിക്കുമെന്നും ESPNCRICINFO യ്ക്ക് നൽകിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു.

( Picture Source : Twitter / BCCI )

ഇന്ത്യയ്ക്ക് വേണ്ടി 5 ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള പൃഥ്വി ഷാ ടെസ്റ്റിൽ 339 റൺസും ഏകദിനത്തിൽ 84 റൺസും നേടിയിട്ടുണ്ട്‌. ഓസ്‌ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പൃഥ്വി ഐ പി എല്ലിലെയും വിജയ് ഹസാരെ ട്രോഫിയിലെയും തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ ഇടം നേടിയത്.

( Picture Source : Twitter / BCCI )

” പൃഥ്വി ഷാ ടെസ്റ്റ് പ്ലേയർ എന്നതിനേക്കാൾ ഉപരി മികച്ച ലിമിറ്റഡ് ഓവർ പ്ലേയറാണ്. കാരണം അവൻ കളിക്കുന്ന രീതി തന്നെയാണ്, ആ ശൈലി വീരേന്ദർ സെവാഗിനെയാണ് ഓർമപ്പെടുത്തുന്നത്. ഒരുപാട് റിസ്ക് അവൻ ഏറ്റെടുത്ത് ബൗളിങ് ടീമിനെ അവൻ സമ്മർദ്ദത്തിലാക്കുന്നു. അവൻ സ്കോർ ചെയ്യുകയാണെങ്കിൽ ഇന്ത്യ വിജയം നേടാൻ കൂടുതൽ ചാൻസുണ്ട്. കാരണം കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് റൺസ് നേടിയെടുക്കാൻ അവന് സാധിക്കും. മികച്ച കഴിവ് അവനുണ്ട്, ഒപ്പം പുറത്താക്കുമെന്ന പേടിയും അവനില്ല. ” മുത്തയ്യ മുരളീധരൻ പറഞ്ഞു.

( Picture Source : Twitter / BCCI )

” തനത് ശൈലിയിൽ കളിക്കാൻ ഇന്ത്യ അവനെ അനുവദിക്കണം. കാരണം മത്സരങ്ങൾ വിജയിക്കാൻ അവനെ പോലെയുള്ള താരങ്ങൾ ആവശ്യമാണ്. അവൻ വളരെ അപകടകാരിയാണ്. അവനുള്ളപ്പോൾ ശിഖാർ ധവാന് സാധാരണ പോലെ കളിക്കാം. ധവാനെ എനിക്ക് നന്നായി അറിയാം കാരണം അവൻ സൺറസേഴ്സിൽ എനിക്കൊപ്പം ഉണ്ടായിരുന്നു. ധവാൻ അവന്റേതായ ശൈലിയിൽ കളിക്കുകയും പൃഥ്വി ബൗളിങ് നിരയെ തകർക്കുകയും ചെയ്താൽ അത് ഇന്ത്യയ്ക്ക് ഗുണകരമാകും ” മുത്തയ്യ മുരളീധരൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ 165.4 ശരാശരിയിൽ 827 റൺസ് നേടിയ പൃഥ്വി ഷാ ഐ പി എല്ലിൽ 8 ഇന്നിങ്സിൽ നിന്നും 166.49 സ്‌ട്രൈക് റേറ്റിൽ 308 റൺസ് നേടിയിരുന്നു.

( Picture Source : Twitter / BCCI )