Skip to content

42 പന്തിൽ സെഞ്ചുറി, തകർപ്പൻ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. മത്സരത്തിൽ പാകിസ്ഥാൻ 31 റൺസിന് വിജയിച്ചുവെങ്കിലും ലിയാം ലിവിങ്സ്റ്റന്റെ തകർപ്പൻ ഇന്നിങ്‌സ് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഒരുപിടി റെക്കോർഡുകളും ലിവിങ്സ്റ്റൺ സ്വന്തമാക്കി.

( Picture Source : Twitter / ENGLAND CRICKET )

മത്സരത്തിൽ 31 റൺസിനാണ് പാകിസ്ഥാൻ വിജയിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 19.2 ഓവറിൽ 201 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടപെട്ടിരുന്നു. 43 പന്തിൽ 6 ഫോറും 9 സിക്സുമടക്കം 103 റൺസ് നേടിയ ലിവിങ്സ്റ്റണും 13 പന്തിൽ 32 റൺസ് നേടിയ ജേസൺ റോയും മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

നേരത്തെ 49 പന്തിൽ 85 റൺസ് നേടിയ ബാബർ അസമിന്റെയും 41 പന്തിൽ 63 റൺസ് നേടിയ മൊഹമ്മദ് റിസ്വാനിന്റെയും മികവിലാണ് പാകിസ്ഥാൻ കൂറ്റൻ സ്കോർ നേടിയത്.

( Picture Source : Twitter / ICC )

വെറും 42 പന്തിൽ നിന്നാണ് ലിവിങ്സ്റ്റൺ മത്സരത്തിൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന റെക്കോർഡ് ലിവിങ്സ്റ്റൺ സ്വന്തമാക്കി. 2019 ൽ ന്യൂസിലാൻഡിനെതിരെ 48 പന്തിൽ സെഞ്ചുറി നേടിയ ഡേവിഡ് മലാന്റെ റെക്കോർഡാണ് ലിവിങ്സ്റ്റൺ തകർത്തത്. മത്സരത്തിൽ 17 പന്തിൽ നിന്നും അർധസെഞ്ചുറി നേടിയ ലിവിങ്സ്റ്റൺ അന്താരാഷ്ട്ര ടി20യിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കി.

https://twitter.com/ICC/status/1416138447140671494?s=19

അന്താരാഷ്ട്ര ടി20യിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും ലിവിങ്സ്റ്റൺ സ്വന്തമാക്കി. കൂടാതെ അന്താരാഷ്ട്ര ടി20യിൽ സ്വന്തം നാട്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന നേട്ടവും ലിവിങ്സ്റ്റൺ സ്വന്തമാക്കി. ഇതിനുമുൻപ് അലക്‌സ് ഹെയ്ൽസും ഡേവിഡ് മലാനും സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അത് യഥാക്രമം ബംഗ്ലാദേശിലും ന്യൂസിലാൻഡിലുമായിരുന്നു.

( Picture Source : Twitter / ENGLAND CRICKET )