Skip to content

ഓപ്പണർമാർ രോഹിത് ശർമ്മയും കോഹ്ലിയുമാണെങ്കിൽ മൂന്നാമനാകാൻ യോഗ്യനാര്, സഞ്ജയ് മഞ്ജരേക്കർ പറയുന്നു

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാനാകാൻ യോഗ്യൻ സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. മൂന്നാം നമ്പർ ബാറ്റ്സ്മാനായി സൂര്യകുമാർ യാദവിനെ നിർദ്ദേശിച്ചതിന് പിന്നിലെ കാരണവും മഞ്ജരേക്കാർ തുറന്നുപറഞ്ഞു.

( Picture Source: Twitter / BCCI )

” തീർച്ചയായും അവൻ മുൻനിരയിൽ തന്നെയുണ്ട്, പ്രത്യേകിച്ചും രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാരെന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ. എന്റെ അഭിപ്രായത്തിൽ നമ്പർ 3 ഓപ്‌ഷൻ അവിടെയുണ്ട്, കെ എൽ രാഹുൽ അവരുടെ പദ്ധതികളിൽ ഉണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ സൂര്യകുമാർ യാദവിനെ പോലെയൊരു ബാറ്റ്സ്മാന് തീർച്ചയായും ടീമിൽ സ്ഥാനമുണ്ട്. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

( Picture Source: Twitter )

” ഐ പി എല്ലിൽ അവനെ പോലെ ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാനെ വിരളമായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, അത്തരത്തിലുള്ള ബാറ്റ്സ്മാൻഷിപ്പ് മറ്റാരിലും ഞാൻ കണ്ടിട്ടില്ല. മൂന്നാം നമ്പർ ബാറ്റ്സ്മാനാകാൻ വളരെ യോഗ്യനാണവൻ. നല്ല പന്തുകളിൽ പോലും ബൗണ്ടറി കണ്ടെത്താൻ അവന് സാധിക്കും. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

ഐ പി എല്ലിൽ 108 മത്സരങ്ങളിൽ നിന്നും 29.69 ശരാശരിയിൽ 2197 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്‌. കഴിഞ്ഞ മൂന്ന് സീസണുകളിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും സൂര്യകുമാർ യാദവാണ്. 2018 സീസണിൽ 512 റൺസും 2019 ൽ 424 റൺസും 2020 സീസണിൽ 480 റൺസും നേടിയ സൂര്യകുമാർ യാദവ് ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നും 173 റൺസും നേടിയിരുന്നു.

( Picture Source: Twitter / BCCI )

അന്താരാഷ്ട്ര ക്രിക്കറ്റിലും തകർപ്പൻ തുടക്കമാണ് സൂര്യകുമാർ യാദവിന് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ 31 പന്തിൽ 57 റൺസും രണ്ടാം മത്സരത്തിൽ 17 പന്തിൽ 32 റൺസും നേടിയിരുന്നു.

( Picture Source: Twitter / BCCI )