Skip to content

ഇന്ത്യയുടെ പാത പിന്തുടരാൻ ശ്രീലങ്ക, ജയവർധനെ അണ്ടർ 19 പരിശീലകനായി എത്തിയേക്കും

പ്രതാപ കാലത്തേക്ക് തിരിച്ചെത്താൻ ഇന്ത്യയുടെ പാത പിന്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ രാഹുൽ ദ്രാവിഡിനെ അണ്ടർ 19 കോച്ചായി നിയമിച്ചതുപോലെ മുൻ ക്യാപ്റ്റൻ കൂടിയായ മഹേള ജയവർധനെയെ അണ്ടർ 19 പരിശീലകനിരയിലേക്ക് നിയമിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്ക.

ശ്രീലങ്ക ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ അരവിന്ദ ഡി സിൽവയാണ് ഇക്കാര്യം അറിയിച്ചത്. മുൻ ബാറ്റ്സ്മാനും ക്യാപ്റ്റനും കൂടിയായ മഹേള ജയവർധനെയെ ബോർഡ് സമീപിച്ചുവെന്നും ജയവർധനെ ആ ജോലി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

( Picture Source : Twitter )

” രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ അണ്ടർ 19 കോച്ചായപ്പോൾ മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തു. അണ്ടർ 19 കോച്ചാകാൻ ജയവർധനെയെ ഒരുപാട് കാലമായി സമീപിക്കുന്നുവെങ്കിലും എനിക്കതിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. അണ്ടർ 19 ലെവലിലാണ് ഫൗണ്ടേഷൻ വേണ്ടത്. അവിടെ ഒരു അടിത്തറ ഉണ്ടാക്കിയെടുത്താൽ അതിൽ നിന്നും മുന്നേറുകയെന്നത് വളരെ എളുപ്പമാണ്. ” സോണി നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രസ് കോൺഫ്രൻസിൽ അദ്ദേഹം പറഞ്ഞു.

( Picture Source : Twitter )

” രാഹുൽ ദ്രാവിഡിനെ പോലെ അച്ചടക്കമുള്ള വ്യക്തിയുമായി അടിത്തറ പാകിയാൽ അവിടെ താരങ്ങൾക്ക് സ്വയം കഴിവ്‌ പ്രകടിപ്പിക്കാൻ സാധിക്കും. അണ്ടർ 19 താരങ്ങളെ സംബന്ധിച്ച് അവരുടെ ഹീറോയെ പരിശീലകനായി കിട്ടുകയെന്നതാണ് കൂടുതൽ പ്രാധാന്യം. ക്രിക്കറ്റിന്റെ ഭാഗത്തുനിന്നും മാത്രമല്ല, ഒരു വ്യക്തിയിൽ ക്രിക്കറ്റിനേക്കാൾ ഉപരി മറ്റനേകം കാര്യങ്ങളുണ്ട്. ” അരവിന്ദ ഡി സിൽവ പറഞ്ഞു.

( Picture Source : Twitter )

ശ്രീലങ്കയ്ക്ക് വേണ്ടി 652 മത്സരങ്ങൾ കളിച്ചിട്ടുള്ള ജയവർധനെ 39.15 ശരാശരിയിൽ 25,957 റൺസ് നേടിയിട്ടുണ്ട്‌. പരിശീലകനായി വളരെയധികം എക്സ്പീരിയൻസും ജയവർധനെയ്ക്കുണ്ട്. 2015 ൽ ടീമിന്റെ ബാറ്റിങ് കൺസൽട്ടന്റായിരുന്ന ജയവർധനെ 2016 മുതൽ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ കൂടിയാണ്. അദ്ദേഹത്തിന്റെ കീഴിൽ മൂന്ന് തവണ ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter )