Skip to content

രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലനാകാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാണ് രാഹുൽ ദ്രാവിഡ്. സോഷ്യൽ മീഡിയയിലടക്കം ആരാധകർ രാഹുൽ ദ്രാവിഡ് സ്‌ഥിരമായി ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രാഹുൽ ദ്രാവിഡ് നാഷണൽ ടീമിന്റെ ഹെഡ് കോച്ചാകരുതെന്നും അതിനുപിന്നിലെ കാരണവും വസിം ജാഫർ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

( Picture Source : Twitter )

” ഇന്ത്യൻ ടീമിന്റെ കോച്ചായാണ് ശ്രീലങ്കയിലേക്ക് അദ്ദേഹം പോകുന്നത്. ടീമിലുള്ള യുവതാരങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ വ്യക്തിപരമായി അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ അണ്ടർ 19 താരങ്ങൾക്കും ഇന്ത്യൻ എ ടീമിനുമൊപ്പം അദ്ദേഹം പ്രവർത്തിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന കളിക്കാരെല്ലാം ഫിനിഷ്ഡ് പ്രോഡക്റ്റായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ” വസിം ജാഫർ പറഞ്ഞു.

( Picture Source : Twitter )

” രാഹുൽ ദ്രാവിഡിന്റെ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും കൂടുതൽ ആവശ്യം അണ്ടർ 19 താരങ്ങൾക്കും ഇന്ത്യൻ എ ടീമിനുമാണ്. അടുത്ത തലത്തിലേക്ക് കടക്കാൻ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അവർക്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ ദീർഘകാലത്തേക്ക് അദ്ദേഹം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരണം. എങ്കിൽ മാത്രമേ നമ്മുടെ ബഞ്ച് സ്ട്രെങ്ത് കൂടുതൽ വളരുകയുള്ളൂ. ” വസിം ജാഫർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ജൂലൈ 13 നാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ അടക്കമുള്ളവരുടെ അഭാവത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. സീനിയർ ബൗളർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ .

( Picture Source : Twitter )