Skip to content

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ  മുഖ്യ പരിശീലികനാകരുത് ;  കാരണം വെളിപ്പെടുത്തി വസിം ജാഫർ

ശ്രീലങ്കയിൽ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയിരിക്കുന്ന രണ്ടാം ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായിരിക്കുന്നത് ഇന്ത്യയുടെ ഇതിഹാസ താരം രാഹുൽ ദ്രാവിഡാണ്. രവിശാസ്ത്രി പരിശീലകനായുള്ള ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലണ്ടുമായുള്ള 5 മാച്ച് ടെസ്റ്റ് സീരീസിനായി  ഇംഗ്ലണ്ടിലേക്ക് പറന്ന സാഹചര്യത്തിലാണ് രാഹുൽ ദ്രാവിഡിനെ പുതിയ ദൗത്യം തേടിയെത്തിയത്.

ഇന്ത്യയുടെ എ ടീമിനെയും അണ്ടർ 19 ടീമിനെയും പരിശീലിപ്പിച്ച് ദ്രാവിഡ് നേരെത്തെ കയ്യടി വാങ്ങിയിരുന്നു. നിലവിൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പ്രവർത്തിക്കുകയാണ് ദ്രാവിഡ്. പരിശീലകനായി നിരവധി തവണ കയ്യടി വാങ്ങിച്ച ദ്രാവിഡ് രവിശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനായി വരണമെന്ന ക്രിക്കറ്റ് ആരാധകരുടെ ആവശ്യം. ഈ വർഷം ടി20 ലോകക്കപ്പിന് പിന്നാലെ രവി ശാസ്ത്രിയുടെ പരിശീലകനായുള്ള കാലാവധി അവസാനിക്കുകയാണ്.

എന്നാൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായുള്ള റോൾ ദ്രാവിഡ് സ്ഥിരമായി ഏറ്റെടുക്കേണ്ടന്നാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ പറയുന്നത്. തന്റെ അഭിപ്രായത്തിന് പിന്നിലുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

” ഇന്ത്യൻ ടീമിന്റെ പരിശീലകനായി അദ്ദേഹം ശ്രീലങ്കയിലേക്ക് പോകുന്നത് യുവതാരങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ദേശീയ ടീമിന്റെ സ്ഥിര പരിശീലകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കരുതെനാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്.    ഇന്ത്യയുടെ അണ്ടർ 19 കളിക്കാരുമായും എൻ‌സി‌എയിലെ ഇന്ത്യ എ കളിക്കാരെയുമാണ് അദ്ദേഹം പ്രവർത്തിക്കേണ്ടത്.  ഇന്ത്യൻ ടീമിൽ കളിക്കുന്നവർ ഒരു പൂർണ്ണമായ ഉൽപ്പന്നമാണെന്നാണ് ഞാൻ കരുതുന്നത്.” – ജാഫർ പറഞ്ഞു.

” എന്നാൽ അണ്ടർ 19, ഇന്ത്യ എ തലങ്ങളിൽ രാഹുൽ ദ്രാവിഡിന്റെ മാർഗനിർദേശവും ഉപദേശവും കൂടുതൽ ആവശ്യമാണ്.  അടുത്ത ലെവൽ കടക്കാൻ അവർക്ക് അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം നിർണായകമാണ്.  അതിനാൽ, ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത് വർദ്ധിപ്പിക്കാൻ അദ്ദേഹം കൂടുതൽ സമയം എൻ‌സി‌എയിൽ തുടരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,
അത് ടീമിനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ” – ജാഫർ കൂട്ടിച്ചേർത്തു