Skip to content

ഇന്ത്യയ്ക്ക് ആശ്വസിക്കാം!  നാണക്കേടിന്റെ ആ റെക്കോർഡിൽ തലപ്പത്തേക്ക് ശ്രീലങ്ക

ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിൽ 3 മത്സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഏകദിനത്തിലും അത് തുടരുകയാണ് ശ്രീലങ്ക. ജൂണ് 23ന് ആരംഭിച്ച ടി20 പരമ്പരയിൽ ശ്രീലങ്കയെ ഇംഗ്ലണ്ട് വെള്ളപൂശിയിരുന്നു. ഇതുവരെ നടന്ന 2  ഏകദിന മത്സരത്തിലും നില മെച്ചപ്പെടുത്താനാകാതെ കഷ്ടപ്പെടുകയാണ്  ശ്രീലങ്ക.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിന  മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക  നിശ്ചിത 50 ഓവർ പിന്നിട്ടപ്പോൾ 9 വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്  ലക്ഷ്യം 2 വിക്കറ്റ് നഷ്ട്ടത്തിൽ 43ആം ഓവറിൽ മറികടന്നു. ശ്രീലങ്കയുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ച യുവ താരം സാം കറനായിരുന്നു മാൻ ഓഫ് ദി മാച്ച്. റോയ് (60), റൂട്ട് (68*), മോർഗൻ (75*) എന്നിവർ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിൽ തിളങ്ങി.

ഈ പരാജയത്തിന് പിന്നാലെ ഏകദിന ക്രിക്കറ്റിലെ നാണക്കേടിന്റെ റെക്കോർഡിൽ എത്തിയിരിക്കുകയാണ് ശ്രീലങ്ക. അന്താരാഷ്ട്ര ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരാജയപ്പെട്ട ടീം എന്ന നാണക്കേടിന്റെ ശ്രീലങ്കയ്ക്ക് വഴങ്ങേണ്ടി വന്നത്. 1975ൽ അന്താരാഷ്ട്ര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ശ്രീലങ്ക ഇതുവരെ 860 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 390 മത്സരങ്ങളിൽ വിജയിക്കുകയും 428  മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.

ഇംഗ്ലണ്ടുമായുള്ള ശ്രീലങ്കയുടെ ഏകദിന പരമ്പര തുടങ്ങുന്നതിന് മുമ്പ് ഈ മോശം റെക്കോർഡ് ഇന്ത്യയുടെ പേരിലായിരുന്നു. 1974 ൽ ആദ്യമായി ഏകദിന മത്സരം കളിച്ച ഇന്ത്യ ഇതുവരെയായി 933 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 516 വിജയവും  427 പരാജയവുമാണ് ഇന്ത്യ നേടിയത്. ഒപ്പം 9 സമനിലയും 41 മത്സരങ്ങളിൽ ഫലം കാണാതെയും പോയി.

933 മത്സരങ്ങളിൽ നിന്ന് 414ൽ പരാജയപ്പെട്ട പാകിസ്ഥാൻ ഈ ലിസ്റ്റിൽ മൂന്നാമതാണ്. 828 മത്സരങ്ങളിൽ നിന്ന് 384 പരാജയവുമായി വെസ്റ്റ് ഇൻഡീസ് നാലാമതും. 1973 ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച വെസ്റ്റ് ഇൻഡീസ് 404 മത്സരങ്ങളിൽ ജയം നേടിയിട്ടുണ്ട്. ഏകദിനത്തിലെ ആദ്യ 2 ലോകക്കപ്പും വെസ്റ്റ് ഇൻഡീസ് തന്നെയായിരുന്നു നേടിയത് (1975, 1979)