Skip to content

ഏറ്റവും വേഗത്തിൽ 6000 റൺസ്, സൗരവ്‌ ഗാംഗുലിയെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കി ജോ റൂട്ട്

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ നാഴികക്കല്ല് ജോ റൂട്ട് പിന്നിട്ടത്. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് ജോ റൂട്ട്. കൂടാതെ ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇതിഹാസങ്ങളെയും ജോ റൂട്ട് പിന്നിലാക്കി.

( Picture Source : Twitter / ICC )

141 ഇന്നിങ്‌സിൽ നിന്നാണ് ജോ റൂട്ട് ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടിയവരുടെ പട്ടികയിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനൊപ്പം നാലാം സ്ഥാനത്തെത്താൻ റൂട്ടിന് സാധിച്ചു. 147 ഇന്നിങ്സുകളിൽ നിന്നും 6000 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി, മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്.

( Picture Source : Twitter )

139 ഇന്നിങ്‌സിൽ നിന്നും 6000 റൺസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ജോ റൂട്ടിന് തൊട്ടുമുൻപിലുള്ളത്. 136 ഇന്നിങ്‌സിൽ ഈ നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളതാകട്ടെ വെറും 123 ഇന്നിങ്‌സിൽ നിന്നും 6000 റൺസ് പൂർത്തിയാക്കിയ മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയാണ്.

( Picture Source : Twitter / ICC )

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്മാനാണ് ജോ റൂട്ട്, ക്യാപ്റ്റൻ ഓയിൻ മോർഗനാണ് റൂട്ടിനെ കൂടാതെ ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 79 റൺസ് നേടി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.

( Picture Source : Twitter / ICC )