Skip to content

ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമാ വിഹാരിയെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കാർ പറഞ്ഞു.

( Picture Source : Twitter )

ഫൈനലിൽ ന്യൂസിലാൻഡ് സ്പിന്നർമാരില്ലാതെ ഇറങ്ങിയപ്പോൾ അശ്വിനെയും ജഡേജയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ 15 റൺസും രണ്ടാം ഇന്നിങ്സിൽ 16 റൺസും നേടി പുറത്തായ ജഡേജ ഒരേയൊരു വിക്കറ്റ് മാത്രമാണ് നേടിയത്. ഫൈനലിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപെടുത്തിയത്. ഇന്ത്യൻ ബൗളർമാരിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമി മാത്രമാണ് തിളങ്ങിയത്.

( Picture Source : Twitter )

” ഇന്ത്യ എങ്ങനെയാണ് മത്സരത്തിലേക്ക് എത്തിയതെന്ന് നോക്കൂ, രണ്ട് സ്പിന്നർമാരെ ഉൾപെടുത്തുന്നത് എപ്പോഴും തർക്കിക്കേണ്ട വിഷയമാണ്, പ്രത്യേകിച്ചും ഓവർകാസ്റ്റ് സാഹചര്യത്തിൽ, കൂടാതെ മഴമൂലം ഒരു ദിവസവും നഷ്ട്ടപെട്ടിരുന്നു. ഒരു താരത്തെ ബാറ്റിങ് പ്രതീക്ഷിച്ചാണ് അവർ ഉൾപെടുത്തിയത്. അത് രവീന്ദ്ര ജഡേജയാണ്. ഒരു ഇടംകയ്യൻ സ്പിന്നറായതുകൊണ്ടല്ല അവനെ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങ് പ്രതീക്ഷിച്ചാണ് അവനെ ഉൾപെടുത്തിയത് ഞാനെപ്പോഴും അതിനെതിരാണ്. ” മഞ്ജരേക്കാർ പറഞ്ഞു.

( Picture Source : Twitter )

” പിച്ച് ഡ്രൈയാണെങ്കിൽ ഒരു സ്‌പെഷ്യലിസ്റ്റ് പ്ലേയറെയാണ് ഉൾപ്പെടുത്തേണ്ടത്. ടേൺ ലഭിക്കുന്നുവെങ്കിൽ അശ്വിനൊപ്പം ജഡേജയെയും ഉൾപ്പെടുത്താം, എന്നാലത് അവനൊരു സ്പിന്നറായതുകൊണ്ടാകണം. എന്നാൽ ഫൈനലിൽ ബാറ്റിങ് പ്രതീക്ഷിച്ച് അവനെ ടീമിൽ ഉൾപ്പെടുത്തി. എനിക്ക് തോന്നുന്നു അതാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ തിരിച്ചടിയായത്. വിഹാരിയെ പോലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ഉൾപെടുത്തിയെങ്കിൽ അത് ടീമിന് ഗുണകരമായേനെ. ചിലപ്പോൾ 170 എന്ന സ്കോർ 220 അല്ലെങ്കിൽ 230 ആയേനെ !! ” മഞ്ജരേക്കാർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

എന്നാൽ ഇന്ത്യയുടെ കോമ്പിനേഷനിൽ പിഴവ് പറ്റിയിട്ടില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞു. നാല് പേസർമാരെ ഉൾപെടുത്തണമെങ്കിൽ ഒരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടറെ ഇന്ത്യയ്ക്ക് ആവശ്യമാണെന്നും ഇതാണ് മികച്ച കോമ്പിനേഷനെന്നാണ് കരുതിയതെന്നും മത്സരശേഷം കോഹ്ലി പറഞ്ഞിരുന്നു.

( Picture Source : Twitter )