Skip to content

ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. ഇത് കെയ്ൻ വില്യംസണും കൂട്ടരും അർഹിച്ച വിജയമാണിതെന്നും ബ്ലാക്ക് ക്യാപ്സിന്റെ വിജയത്തിൽ ന്യൂസിലാൻഡിന് അഭിമാനമുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ജസിന്ത ആഡേൺ പറഞ്ഞു.

( Picture Source : Twitter / ICC )

ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് പരാജയപെടുത്തിയത്. രണ്ടാം ഇന്നിങ്സിലെ 139 റൺസിന്റെ വിജയലക്ഷ്യം 52 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും 47 റൺസ് നേടിയ സീനിയർ താരം റോസ് ടെയ്ലറിന്റെയും മികവിലാണ് ന്യൂസിലാൻഡ് മറികടന്നത്. നേരത്തെ 32 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 170 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 41 റൺസ് നേടിയ റിഷഭ് പന്ത്‌ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / ICC )

” ബാക്ക്ക്യാപ്സിന്റെ വിജയത്തിൽ ന്യൂസിലാൻഡിന് അഭിമാനമുണ്ട്. മികച്ച പ്രകടനമാണ് ലോകത്തിന്റെ നെറുകയിൽ അവർ കാഴ്ച്ചവെച്ചത്. മിടുക്കരും വിനീതരുമായ ടീമിനെയാണ് കെയ്ൻ വില്യംസണും മറ്റുള്ളവർ വാർത്തെടുത്തിരിക്കുന്നത്. ഈ ടീം ഒരുപാട് ന്യൂസിലാൻഡുക്കാർക്ക് പ്രചോദനമാണ്. ” പ്രസ്താവനയിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി പറഞ്ഞു.

( Picture : Jacinda Arden Official Instagram Account )

” കുറച്ചുവർഷങ്ങളായി ടീമിന്റെയും ടീമിന്റെ സാംസ്‌ക്കാരത്തിന്റെയും വളർച്ച നമ്മൾ കണ്ടു. ഈ വളർച്ച ന്യൂസിലാൻഡ് ക്രിക്കറ്റിനെ ഒരുപാട് ഉയരങ്ങളിലെത്തിച്ചിരിക്കുന്നു. ഈ വിജയം അവർ അർഹിക്കുന്നതാണ്. അവരെ നാട്ടിലേക്ക് സ്വാഗതം ചെയ്യുവാനും അവരുടെ വിജയം ആഘോഷിക്കാനും ഞങ്ങൾ കാത്തിരിക്കുകയാണ്. ” ജസിന്ത ആഡേൺ കൂട്ടിച്ചേർത്തു.

നാല് വിക്കറ്റ് നേടിയ ടിം സൗത്തീയാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ തകർത്തത്. ട്രെൻഡ് ബോൾട്ട് മൂന്ന് വിക്കറ്റും കെയ്ൽ ജാമിസൺ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ട് ഇന്നിങ്‌സിൽ നിന്നുമായി 7 വിക്കറ്റ് നേടിയ കെയ്ൽ ജാമിസനാണ് മാൻ ഓഫ് ദി മാച്ച്. ഇത് രണ്ടാം തവണയാണ് ഐസിസി കിരീടം ന്യൂസിലാൻഡ് നേടുന്നത്. ഇതിനുമുൻപ് 2000 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരാജയപെടുത്തി ന്യൂസിലാൻഡ് കിരീടം നേടിയിരുന്നു.

( Picture Source : Twitter / ICC )