Skip to content

ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ 2 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ സൗത്താഫ്രിക്കൻ പേസർ മഖായ എന്റിനിയെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 97 ആം ഓവറിൽ നെയ്ൽ വാഗ്നറെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്.

( Picture Source : Twitter )

നാല് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും 3 വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡിനെ ഇന്ത്യ 249 റൺസിൽ ഒതുക്കിയത്. 54 റൺസ് നേടിയ ഡെവൺ കോൺവെ 49 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 30 റൺസ് നേടിയ ടിം സൗത്തീ എന്നിവരാണ് ന്യൂസിലാൻഡിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 64 റൺസ് നേടിയിട്ടുണ്ട്‌. 12 റൺസ്‌ നേടിയ ചേതേശ്വർ പുജാരയും 8 റൺസ്‌ നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നേടിയ അശ്വിൻ ടെസ്റ്റിൽ ഒരു ക്യാപ്റ്റന്റെ കീഴിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറെന്ന റെക്കോർഡ് അശ്വിൻ സ്വന്തമാക്കി. കോഹ്ലിയ്ക്ക് കീഴിൽ ടെസ്റ്റിൽ 281 വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്‌. ഗ്രെയിം സ്മിത്തിന് കീഴിൽ 280 വിക്കറ്റ് നേടിയ മുൻ സൗത്താഫ്രിക്കൻ പേസർ മഖായ എന്റിനിയെയാണ് അശ്വിൻ പിന്നിലാക്കിയത്.

( Picture Source : Twitter )

ഗ്രെയിം സ്മിത്തിന് കീഴിൽ ടെസ്റ്റിൽ 347 വിക്കറ്റ് നേടിയ ഡെയ്ൽ സ്റ്റെയ്നാണ് ഈ നേട്ടത്തിൽ ഇനി അശ്വിന് മുൻപിലുള്ളത്. കൂടാതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും അശ്വിന് സാധിച്ചു. 69 വിക്കറ്റുകൾ ഇരുവരും ടൂർണമെന്റിൽ നേടിയിട്ടുണ്ട്‌. 70 വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് അശ്വിന് മുൻപിലുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ ഇന്ത്യയ്ക്ക് 79 മത്സരങ്ങൾ കളിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിൻ 411 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയ്ക്കും 434 വിക്കറ്റ് നേടിയ കപിൽ ദേവിനും 417 വിക്കറ്റ് നേടിയ ഹർഭജൻ സിങിനും പുറകിൽ നാലാം സ്ഥാനത്താണ് അശ്വിൻ.

( Picture Source : Twitter )