Skip to content

ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ അവൻ കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്നത് ; ആകാശ് ചോപ്ര

ഐ പി എല്ലിനിടെ പരിശീലനഘട്ടങ്ങളിൽ ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്ന ന്യൂസിലാൻഡ് പേസർ കെയ്ൽ ജാമിസന്റെ തീരുമാനം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫലം കണ്ടുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ന്യൂസിലാൻഡ് പേസറെ ആകാശ് ചോപ്ര പ്രശംസിച്ചത്.

( Picture Source : Twitter / ICC )

തകർപ്പൻ പ്രകടനമാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് പേസർ കെയ്ൽ ജാമിസൺ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 5 വിക്കറ്റ് നേടിയ ജാമിസന്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 217 റൺസിന് ന്യൂസിലാൻഡ് ചുരുക്കികെട്ടിയത്.

” ആദ്യ ദിനത്തിൽ ഓഫ് സ്റ്റമ്പിന് വെളിയിലായാണ് അവൻ കോഹ്ലിയ്ക്കെതിരെ ബൗൾ ചെയ്തുകൊണ്ടിരുന്നത്. കോഹ്ലി ലീവ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ഇന്നാകട്ടെ തുടക്കത്തിൽ അവനെറിഞ്ഞ അഞ്ചിൽ രണ്ട് പന്തും സ്റ്റമ്പിലേക്കാണ് വന്നത്, അതിൽ കോഹ്ലി വീഴുകയും ഓവർനൈറ്റ് സ്കോറായ 44 ൽ പുറത്താവുകയും ചെയ്തു. ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ കോഹ്ലിയ്ക്കെതിരെ അവൻ ബൗൾ ചെയ്യാതിരുന്നത്. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter / ICC )

ഐ പി എല്ലിൽ പരിശീലനത്തിനിടെ ഡ്യൂക്ക് ബോളുകൊണ്ട് തനിക്കെതിരെ ബൗൾ ചെയ്യാൻ കോഹ്ലി ആവശ്യപെട്ടിരുന്നുവെന്നും താനതിന് തയ്യാറായില്ലയെന്നും കെയ്ൽ ജാമിസൺ പറഞ്ഞിരുന്നു. ഐ പി എല്ലിൽ 15 കോടി രൂപയ്ക്കായിരുന്നു ജാമിസണെ ആർ സി ബി സ്വന്തമാക്കിയിരുന്നത്.

( Picture Source : Twitter / BCCI )

” ജാമിസൺ ഭീമാകാരനായ കൊലയാളിയാണ്, ആദ്യം അവൻ രോഹിത് ശർമ്മയെ പുറത്താക്കി, പുറകെ വിരാട് കോഹ്ലിയെയും, പിന്നീടെത്തിയത് റിഷഭ് പന്തായിരുന്നു. തുടക്കത്തിൽ പന്തുകൾ ലീവ് ചെയ്ത പന്ത്‌ ബൗണ്ടറി നേടിയാണ് അക്കൗണ്ട് തുറന്നത്. ഉടനെ ജാമിസൺ വൈഡായി പന്തെറിയുകയും വീണ്ടും ഷോട്ടിന് ശ്രമിച്ച പന്ത് എഡ്ജ് ചെയ്ത് സ്ലിപ്പിന്റെ കൈകളിലെത്തി പുറത്താവുകയും ചെയ്തു. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

ഇഷാന്ത് ശർമ്മയെയും ജസ്പ്രീത് ബുംറയെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് ജാമിസൺ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടവും ജാമിസൺ ഇതോടെ സ്വന്തമാക്കി.

ഐസിസി ഫൈനലിൽ 5 വിക്കറ്റ് നേട്ടം നാലാമത്തെ ബൗളർ കൂടിയാണ് ജാമിസൺ. 1975 ലോകകപ്പിൽ ഗാരി ഗിൽമോർ, 1979 ൽ ജോയൽ ഗാർനർ, 1998 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ജാക്ക് കാലിസ് എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / ICC )