Skip to content

കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവൺ കോൺവെയുടെ വിക്കറ്റ് വീഴ്ത്തി തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ഇഷാന്ത് ശർമ്മ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിന്റെ റെക്കോർഡാണ് ഇഷാന്ത് ശർമ്മ തകർത്തത്.

( Picture Source : Twitter )

മൂന്നാം ദിനത്തിലെ അവസാന ഓവറിലാണ് 54 റൺസ് നേടിയ കോൺവേയെ ഇഷാന്ത് ശർമ്മ പുറത്തായത്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് 2 വിക്കറ്റ് നഷ്ട്ടത്തിൽ 101 റൺസ് നേടിയിട്ടുണ്ട്‌. 12 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റണ്ണൊന്നും നേടാതെ റോസ് ടെയ്ലറുമാണ് ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ കെയ്ൽ ജാമിസനാണ് ഇന്ത്യയെ ചുരുക്കികെട്ടിയത്. 49 റൺസ് നേടിയ അജിങ്ക്യ രഹാനെയും 44 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രോഹിത് ശർമ്മ 34 റൺസ് നേടി പുറത്തായി.

( Picture Source : Twitter )

മൂന്നാം ദിനത്തിൽ നേടിയ വിക്കറ്റോടെ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് ഇഷാന്ത് ശർമ്മ സ്വന്തമാക്കി. 44 വിക്കറ്റുകൾ ഇംഗ്ലണ്ടിൽ ഇഷാന്ത് ശർമ്മ നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിൽ 43 വിക്കറ്റ് നേടിയിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെയാണ് ഇഷാന്ത് ശർമ്മ പിന്നിലാക്കിയത്.

( Picture Source : Twitter )

36 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 35 വിക്കറ്റ് നേടിയ ബിഷൻ സിങ് ബേദി, 31 വിക്കറ്റ് നേടിയ ബി എസ് ചന്ദ്രശേഖർ, 31 വിക്കറ്റ് നേടിയ സഹീർ ഖാൻ എന്നിവരാണ് ഈ പട്ടികയിൽ ഇഷാന്ത് ശർമ്മയ്ക്കും കപിൽ ദേവിനും പുറകിലുള്ളത്.

( Picture Source : Twitter )

ഇന്ത്യയ്ക്ക് പുറത്ത് ഇഷാന്ത് ശർമ്മ നേടുന്ന 200 ആം വിക്കറ്റ് കൂടിയാണിത്. ഇതോടെ വിദേശത്ത് 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടം ഇഷാന്ത് ശർമ്മ സ്വന്തമാക്കി. 269 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 215 വിക്കറ്റ് നേടിയ കപിൽ ദേവ്, 207 വിക്കറ്റ് നേടിയ സഹീർ ഖാൻ എന്നിവരാണ് ഇഷാന്ത് ശർമ്മയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി 102 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇഷാന്ത് ശർമ്മ 304 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )