Skip to content

21 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി സച്ചിനെ തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്, പിന്നിലാക്കിയത് കുമാർ സംഗക്കാരയെ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ആരാധകർക്കിടയിലും കമന്റെറ്റർമാർക്കിടയിലും നടത്തിയ പോളിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ പിന്നിലാക്കി സച്ചിൻ പുരസ്‌ക്കാരം നേടിയത്.

( Picture Source : Twitter )

സച്ചിനും സംഗക്കാരയ്ക്കൊപ്പം മുൻ സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ജാക്ക് കാലിസ്, ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് എന്നിവരാണ് പോളിൽ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ പോളിൽ സ്റ്റീവ് സ്മിത്തായിരുന്നു സച്ചിന് പുറകിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്.

https://twitter.com/StarSportsIndia/status/1406272378255003653?s=19

200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 53.78 ശരാശരിയിൽ 51 സെഞ്ചുറിയും 68 ഫിഫ്റ്റിയുമടക്കം 15921 റൺസ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുണ്ട്‌. ജാക്ക് കാലിസാകട്ടെ 55.37 ശരാശരിയിൽ 13289 റൺസും കുമാർ സംഗക്കാര 57.40 ശരാശരിയിൽ 12,400 റൺസും നേടിയിട്ടുണ്ട്‌. 2010 ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സ്റ്റീവ് സ്മിത്ത് 77 മത്സരങ്ങളിൽ നിന്നും 61.80 ശരാശരിയിൽ 7540 റൺസ്‌ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

ആരാധകർക്കൊപ്പം സുനിൽ ഗാവസ്‌കർ, ഇയാൻ ബിഷപ്പ്, ഹർഭജൻ സിങ്, ഷെയ്ൻ വാട്സൻ, ഗൗതം ഗംഭീർ അടക്കമുള്ള താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും പോളിൽ പങ്കെടുത്തിരുന്നു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനും സച്ചിൻ ടെണ്ടുൽക്കറാണ്. 51 സെഞ്ചുറി ടെസ്റ്റിൽ സച്ചിൻ നേടിയിട്ടുണ്ട്‌. 45 സെഞ്ചുറി നേടിയിട്ടുള്ള ജാക്ക് കാലിസും 41 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങുമാണ് ഈ റെക്കോർഡിൽ സച്ചിന് പുറകിലുള്ളത്. കുമാർ സംഗക്കാര 38 സെഞ്ചുറിയും സ്റ്റീവ് സ്മിത്ത് 27 സെഞ്ചുറിയും നേടിയിട്ടുണ്ട്‌.

( Picture Source : Twitter )