Skip to content

ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

ജനിച്ച നാൾ മുതൽ താൻ ആസ്ത്മ രോഗത്തോട് പൊരുതുകയാണെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സ്റ്റുവർട്ട് ബ്രോഡ് വെളിപ്പെടുത്തി.

( Picture Source : Twitter )

34 ക്കാരനായ സ്റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി 148 മത്സരങ്ങളിൽ നിന്നും 523 വിക്കറ്റ് നേടിയിട്ടുണ്ട്‌. ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണും ഗ്ലെൻ മഗ്രാത്തിനും ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ കൂടിയാണ് സ്റ്റുവർട്ട് ബ്രോഡ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സ്റ്റുവർട്ട് ബ്രോഡ്.

( Picture Source : Twitter )

” ജനിച്ച നാൾമുതൽക്കെ എനിക്ക് ആസ്ത്മയുണ്ട്. ആറോ ഏഴോ വയസ്സിലാണ് എനിക്കത് മനസ്സിലായത്. എന്നാൽ പന്ത്രണ്ടാം വയസ്സുമുതൽ ശ്വാസമെടുക്കുന്നതിൽ പ്രയാസം തോന്നിതുടങ്ങിയപ്പോഴാണ് അതിനെകുറിച്ച് ഞാൻ പൂർണ്ണമായും ബോധവാനായത്. ” സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

” കൗമാരത്തിൽ എനിക്ക് ആസ്ത്മയുണ്ടെന്ന് ഞാൻ ആരോടും പറയുകയില്ലായിരുന്നു. സ്‌കൂളിൽ കൂട്ടുകാരുടെ വിചാരണ നേരിടാൻ ഞാൻ തയ്യാറല്ലായിരുന്നു, അതിലെനിക്ക് ലജ്ജയുണ്ടായിരുന്നു. എന്നാൽ ആസ്ത്മ എന്റെ കായിക വിനോദങ്ങളെ ബാധിച്ചില്ല, അതിൽ പ്രധാനപങ്ക് വഹിച്ചത് അമ്മയാണ്. ആസ്ത്മയുള്ള കുട്ടികളെ വ്യായാമങ്ങളിൽ നിന്നും അകറ്റിനിർത്തുന്നത് മാതാപിതാക്കൾക്ക് എളുപ്പമാണ്. ഭാഗ്യവശാൽ എന്റെ അമ്മ ഒരു സ്പോർട്സ് ടീച്ചറായിരുന്നു. ഞാൻ ആസ്ത്മ എങ്ങനെ നേരിടണമെന്ന് അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ” സ്റ്റുവർട്ട് ബ്രോഡ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” എന്റെ പരിമിതികളെ കുറിച്ച്  അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ എന്റെ ആരോഗ്യത്തിനും പുരോഗതിയ്ക്കും വ്യായാമം ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ശരിയായ സമയത്ത് ‘അമ്മ എന്നെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. പ്രതേകിച്ച് ശൈത്യകാലത്ത്. ” സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

ഇംഗ്ലണ്ടിന് വേണ്ടി 2006 ൽ അരങ്ങേറ്റം കുറിച്ച ബ്രോഡ് 148 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിന മത്സരങ്ങളും 56 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 766 വിക്കറ്റുകൾ സ്റ്റുവർട്ട് ബ്രോഡ് നേടിയിട്ടുണ്ട്.

( Picture Source : Twitter )