Skip to content

ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ആരായിരിക്കും ഹെഡ് കോച്ചെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ദ്രാവിഡ് തന്നെയായിരിക്കും ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ കോച്ചെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ്‌ ഗാംഗുലി.

( Picture Source : Twitter )

നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ രാഹുൽ ദ്രാവിഡ് ഇതിനുമുൻപ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും എ ടീമുകളെയും കോച്ചായിരുന്നു. 2014 ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കൺസൾന്റായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.

( Picture Source : Twitter )

ജൂലായിൽ ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും അടങ്ങിയ പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

ദേവദത് പടിക്കൽ, ഋതുരാജ് ഗയ്ഗ്വാദ്, ചേതൻ സക്കറിയ അടക്കമുള്ള യുവതാരങ്ങൾ ടീമിലിടം നേടിയിട്ടുണ്ട്‌. ഓസ്‌ട്രേലിയൻ പര്യടനത്തിന് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പൃഥ്വി ഷാ, മനീഷ് പാണ്ഡെ എന്നിവർ ടീമിൽ തിരിച്ചെത്തി. വരുൺ ചക്രവർത്തിയ്ക്കൊപ്പം കൃഷ്ണപ്പ ഗൗതവും ടീമിലിടം നേടി. ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

( Picture Source : Twitter )

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, യുസ്വെന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ