Skip to content

മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ഇന്ത്യൻ ടീമിലെ തന്റെ തുടക്കാലത്ത് മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. തന്റെ ഓട്ടോബയോഗ്രഫിയിലൂടെയാണ് ഇക്കാര്യം സുരേഷ് റെയ്‌ന വെളിപ്പെടുത്തിയത്.

എം എസ് ധോണിയും ഇർഫാൻ പത്താനും അടക്കമുള്ളവർക്ക് അവസരം നൽകിയ ഗ്രെഗ് ചാപ്പലാണ് ഇന്ത്യൻ ടീമിന്റെ മുഖഛായ മാറ്റിയതെന്നും ഡ്രസിങ് റൂമിൽ ഒരു മുതിർന്ന താരം തന്നെ പരിഹസിച്ചിരുന്നുവെന്നും ചില താരങ്ങൾ തമ്മിൽ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നുവെന്നും സുരേഷ് റെയ്‌ന ബുക്കിൽ കുറിച്ചു.

( Picture Source : Twitter )

” ടീമിലെ ഒരു മുതിർന്ന കളിക്കാരിലൊരാൾ കളിയാക്കാനായി എനിക്കരികിലേക്ക് വന്നത് ഞാനോർക്കുന്നു. ഞാൻ മാത്രമാണ് എല്ലാ പ്രാക്ടീസ് സെഷനിലും പങ്കെടുക്കുന്നതെന്നും അത് കണ്ടാൽ ഞാൻ മാത്രമാണ് മത്സരത്തിൽ കളിക്കാൻ പോകുന്നതെന്ന് തോന്നുമെന്നും അദ്ദേഹം പരിഹസിച്ചു. ഉടനെ അദ്ദേഹത്തോട് എനിക്കൊപ്പം പ്രാക്ടീസിന് വരാൻ ഞാൻ ആവശ്യപ്പെട്ടു. കാരണം ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം എനിക്കില്ലായിരുന്നു. എന്നെ സംബന്ധിച്ച് റാഗിങ് വലിയ കാര്യമല്ല, അതിന് ഞാൻ നന്ദി പറയേണ്ടത് എന്റെ ഹോസ്റ്റൽ ലൈഫിനോടാണ്. ” സുരേഷ് റെയ്‌ന പറഞ്ഞു.

( Picture Source : Twitter )

” എന്നാൽ ഇന്ത്യൻ ഡ്രസിങ് റൂമിൽ ആരും റാഗ് ചെയ്യപ്പെട്ടുവെന്ന് ഞാൻ പറയുന്നില്ല. റാഗിങ് എന്താണെന്ന് എനിക്കറിയാം. അത്തരത്തിലുള്ളതൊന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ല. ചില താരങ്ങളുമായി അൽപ്പം പിരിമുറുക്കങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചില സീനിയർ താരങ്ങളെ ഞങ്ങൾ ഗ്രീറ്റ് ചെയ്താൽ പോലും അവർ തിരിച്ച് ഗ്രീറ്റ് ചെയ്യാറില്ലായിരുന്നു. എന്നാൽ അതൊന്നും ഞാൻ മനസ്സിൽ വെച്ചിരുന്നില്ല. ” സുരേഷ് റെയ്‌ന കുറിച്ചു.

( Picture Source : Twitter )

2005 ലാണ് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി ഇന്ത്യയ്ക്ക് വേണ്ടി 322 മത്സരങ്ങൾ കളിച്ചിട്ടുള്ള റെയ്ന 7 സെഞ്ചുറിയും 48 ഫിഫ്റ്റിയുമടക്കം 7,987 റൺസ് നേടിയിട്ടുണ്ട്‌. 2020 ൽ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെയാണ് സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

( Picture Source : Twitter )