Skip to content

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിലെ 38 റൺസിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് തകർപ്പൻ വിജയം ന്യൂസിലാൻഡ് നേടിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 1-0 ന് കിവികൾ സ്വന്തമാക്കി. 2014 ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര പരാജയപെടുന്നത്. 

നേരത്തെ 122 ന് 9 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് അഞ്ചാം ദിനത്തിലെ ആദ്യ പന്തിൽ തന്നെ ഓൾ ഔട്ടായിരുന്നു. 29 റൺസ് നേടിയ മാർക്ക് വുഡ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി, നെയ്ൽ വാഗ്‌നർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ട്രെൻഡ് ബോൾട്ട് അജാസ് പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 80 റൺസ് നേടിയ ഡെവൺ കോൺവെ, 80 റൺസ് നേടിയ റോസ് ടെയ്ലർ, 82 റൺസ് നേടിയ വിൽ യങ് എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് 388 റൺസ് നേടുകയും 85 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കുകയും ചെയ്തത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റും മാർക്ക് വുഡ്, ഒല്ലി സ്റ്റോൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സിൽ 81 റൺസ് വീതം നേടിയ റോറി ബേൺസ്, ഡാനിയേൽ ലോറൻസ് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് 303 റൺസ് നേടിയത്. ന്യൂസിലാൻഡിന് ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റും മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും നേടിയിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും മുതിർന്ന താരം ടിം സൗത്തീയുടെയും അഭാവത്തിൽ ടോം ലാതമാണ് മത്സരത്തിൽ ന്യൂസിലാൻഡിനെ നയിച്ചിരുന്നത്.

ജൂൺ 18 നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം നടക്കുന്നത്.

( Picture Source : Twitter )