Skip to content

ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ മാത്രമാണ് ചാപ്പൽ ശ്രമിച്ചതെന്നും എന്നാൽ ടീമിലെ മുതിർന്ന താരങ്ങളെ ചാപ്പൽ കൂടുതൽ ബഹുമാനിക്കണമായിരുന്നുവെന്നും BELIEVE – What life – Cricket Taught Me എന്ന തന്റെ ബുക്കിലൂടെ സുരേഷ് റെയ്‌ന പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയും ചാപ്പലും തമ്മിലുള്ള കൊമ്പുകോർക്കൽ നിരവധി വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

( Picture Source : Twitter )

ചാപ്പൽ പരിശീലകനായിരിക്കെയാണ് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതിനിടെയാണ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യതാസങ്ങൾ ആരംഭിക്കുന്നത്. വിവാദങ്ങൾക്കൊടുവിൽ സൗരവ് ഗാംഗുലിയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെടുകയും ടീമിൽ നിന്നും ഒഴിവാക്കപെടുകയും ചെയ്തു. തുടർന്ന് ഗാംഗുലി ടീമിൽ തിരിച്ചെത്തിയെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയില്ല. പിന്നീട് 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ദയനീയ പരാജയത്തിലേക്കും വിവാദങ്ങൾ വഴിവെച്ചു.

( Picture Source : Twitter )

” ഗ്രെഗ് പ്രാധാന്യം നൽകിയത് മത്സരഫലങ്ങൾക്കായിരുന്നു. ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്തും ഏതുവഴിയിലൂടെയും നേടുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ശൈലിയെ ഞാൻ അഭിനന്ദിച്ചിരുന്നു, കാരണം എന്റെ കരിയറിന്റെ തുടക്കമായിരുന്നു അത്, നിർദ്ദേശം തരുന്നതിലും നിയന്ത്രിക്കുന്നതിലും ഞാൻ സന്തോഷവാനായിരുന്നു. ” സുരേഷ് റെയ്ന ബുക്കിൽ കുറിച്ചു.

( Picture Source : Twitter )

” എന്നാൽ ടീമിലെ മുതിർന്ന താരങ്ങളുടെ അഭിപ്രായങ്ങളും സമവാക്യങ്ങളും അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ ടീമിലെ മുതിർന്ന താരങ്ങളോട് ഞങ്ങളോട് പെരുമാറിയതിനേക്കാൾ വ്യത്യസ്തമായി അദ്ദേഹം പെരുമാറണമായിരുന്നു. ” സുരേഷ് റെയ്‌ന കുറിച്ചു.

( Picture Source : Twitter )

” എന്റെ അഭിപ്രായത്തിൽ ഗ്രെഗ് ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല. കാരണം ടീം എല്ലായ്പ്പോഴും തന്റെ വിരൽത്തുമ്പിലാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം പരിശ്രമിച്ചു. ഒരു കളിക്കാരനെ മാത്രമായി അദ്ദേഹം ഒരിക്കലും അനുകൂലിച്ചിരുന്നില്ല. ഞങ്ങൾ പരാജയപെട്ടപ്പോഴെല്ലാം അദ്ദേഹം നിഷ്കരുണം ശകാരിച്ചിരുന്നു. എന്നാൽ പലപ്പോഴും അത് മുതിർന്ന താരങ്ങൾക്കെതിരെയായിരുന്നു. തീർച്ചയായും സച്ചിനെയും ദാദയെയും അദ്ദേഹം കൂടുതൽ ബഹുമാനിക്കണമായിരുന്നു. ” സുരേഷ് റെയ്‌ന കുറിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി 226 ഏകദിനങ്ങളിൽ നിന്നും 5615 റൺസും 78 ടി20 മത്സരങ്ങളിൽ നിന്നും 1604 റൺസും 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 768 റൺസ് സുരേഷ് റെയ്‌ന നേടിയിട്ടുണ്ട്. 2018 ജൂലൈയിലാണ് റെയ്ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

( Picture Source : Twitter )