Skip to content

അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽഹസന് വീണ്ടും ക്രിക്കറ്റിൽ നിന്നും വിലക്ക്. ധാക്ക പ്രീമിയർ ലീഗിനിടെയുണ്ടായ വിവാദ സംഭവങ്ങൾക്ക് പുറകെയാണ് ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിൽ നിന്നും ഷാക്കിബ്‌ അൽ ഹസനെ ബോർഡ് വിലക്കിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമായിരുന്നു ധാക്ക പ്രീമിയർ ലീഗിലെ മത്സരത്തിനിടെ ഷാക്കിബിന്റെ ഭാഗത്തുനിന്നുണ്ടായത്.

( Picture Source : Twitter )

മത്സരത്തിടെ ബംഗ്ലാദേശ് ദേശീയ ടീം സഹതാരം കൂടിയായ മുഷ്ഫിഖുർ റഹിമിനെതിരായ LBW അപ്പീൽ അമ്പയർ നിരസിച്ചതോടെയാണ് നാടകീയമായ സംഭവങ്ങൾ ആരംഭിച്ചത്. അമ്പയറുടെ ഈ തീരുമാനത്തിൽ തൃപ്തനല്ലാതിരുന്ന ഷാക്കിബ്‌ കാലുകൊണ്ട് സ്റ്റമ്പ് തട്ടിതെറിപ്പിക്കുകയും കയർക്കുകയും ചെയ്തു.

അതിനുശേഷം ആറാം ഓവർ പൂർത്തിയാക്കാൻ ഒരു ബോൾ ബാക്കിനിൽക്കെ അമ്പയർ മത്സരം നിർത്തിവെച്ചതോടെയാണ് ക്ഷമനശിച്ച ഷാക്കിബ്‌ അമ്പയറുടെ അരികിലേക്ക് ഓടിയെത്തുകയും സ്റ്റമ്പ് വലിച്ചൂരി താഴെയെറിയുകയും ചെയ്തത്. DLS നിയമപ്രകാരം 6 ഓവർ പൂർത്തിയായാൽ മാത്രമേ മത്സരത്തിൽ വിധിനിർണയിക്കാൻ സാധിക്കൂ.

വീഡിയോ ;

മത്സരം പുനരാരംഭിച്ച് ഷാക്കിബിന്റെ ടീം വിജയിച്ചുവെങ്കിലും എതിർടീമിലെ ഒഫിഷ്യൽസുമായും ഷാക്കിബ്‌ കയർത്തിരുന്നു. മത്സരശേഷം ഫേസ്ബുക്ക് പേജിലൂടെ ഷാക്കിബ്‌ മാപ്പുപറഞ്ഞിരുന്നു.

( Picture Source : Twitter )

ബംഗ്ലാദേശിന് വേണ്ടി 57 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 3930 റൺസും 212 ഏകദിന മത്സരങ്ങളിൽ നിന്നും 6455 റൺസും 76 ടി20 മത്സരങ്ങളിൽ നിന്നും 1567 റൺസും ഷാക്കിബ്‌ അൽ ഹസൻ നേടിയിട്ടുണ്ട്‌. മൂന്ന് ഫോർമാറ്റിൽ 380 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷാക്കിബ്‌ 571 വിക്കറ്റും ബംഗ്ലാദേശിന് വേണ്ടി നേടിയിട്ടുണ്ട്‌. ബംഗ്ലാദേശിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ബാറ്റ്സ്മാനും കൂടിയാണ് ഷാക്കിബ്‌ അൽ ഹസൻ.

( Picture Source : Twitter )