Skip to content

എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

2007 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവർ 6 സിക്സ് നേടിയ ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്.

( Picture Source : Twitter )

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ക്രിസ് ബ്രോഡ് തന്നോട് തന്നോട് പറഞ്ഞ വാക്കുകൾ യുവരാജ് വെളിപ്പെടുത്തിയത്. ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലിൽ മാച്ച് റഫറി ക്രിസ് ബ്രോഡ് ആയിരുന്നുവെന്നും ” എന്റെ മകന്റെ കരിയർ ഏറെക്കുറെ അവസാനിപ്പിച്ചതിന് നന്ദിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും താൻ ധരിച്ച ജേഴ്സി സ്റ്റുവർട്ട് ബ്രോഡിന് നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചുവെന്നും യുവരാജ് സിങ് വെളിപ്പെടുത്തി.

( Picture Source : Twitter )

” ഒരോവറിൽ 6 സിക്സ് നേടവെ ഞാൻ ധരിച്ച ജേഴ്സി അവന് നൽകണമെന്ന് ക്രിസ് ബ്രോഡ് ആവശ്യപെട്ടിരുന്നു. ഞാൻ ജേഴ്സി നൽകുകയും അതിൽ ഇപ്രകാരം എഴുതുകയും ചെയ്തു. ‘ നിന്റെ വേദന എനിക്കും മനസ്സിലാകും ഞാനും 5 സിക്സ് വഴങ്ങിയിട്ടുണ്ട്. നീയാണ് ഇംഗ്ലണ്ടിന്റെ ഭാവി വലിയ നേട്ടങ്ങൾ കൈവരിക്കാൻ നിനക്ക് സാധിക്കും. ‘ ഇപ്പോൾ നോക്കൂ ടെസ്റ്റിൽ 500 ലധികം വിക്കറ്റ് അവൻ നേടിയിട്ടുണ്ട്‌. ” യുവരാജ് സിങ് പറഞ്ഞു.

( Picture Source : Twitter )

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ കർട്ലി ആംബ്രോസിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ആറാമത്തെ ബൗളറെന്ന റെക്കോർഡ് ബ്രോഡ് സ്വന്തമാക്കി. കൂടാതെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഫാസ്റ്റ് ബൗളറെന്ന നേട്ടവും സ്റ്റുവർട്ട് ബ്രോഡ് സ്വന്തം പേരിൽ കുറിച്ചു. 563 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തും 616 വിക്കറ്റ് നേടിയ സഹതാരം ജെയിംസ് ആൻഡേഴ്സണുമാണ് ബ്രോഡിന് മുൻപിലുള്ളത്.

( Picture Source : Twitter )