Skip to content

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്ലിയ്ക്ക് ആകാശ് ചോപ്രയുടെ ഇലവനിൽ സ്ഥാനം നേടാൻ സാധിച്ചില്ല. മൂന്ന് ഇന്ത്യൻ താരങ്ങളാണ് ആകാശ് ചോപ്ര തന്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവനിൽ ഉൾപ്പെടുത്തിയത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസനെയാണ് ക്യാപ്റ്റനായി ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്.

( Picture Source : Twitter )

” ഓപ്പണറായി രോഹിത് ശർമ്മയെയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. 64 ന് മുകളിൽ ശരാശരിയിൽ 1030 റൺസ് ടൂർണമെന്റിൽ അവൻ നേടി. ഇന്ത്യയ്ക്ക് പുറത്ത് അവൻ കുറച്ചുമത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, എന്നാൽ ഹോമിൽ മികച്ച പ്രകടനം അവൻ പുറത്തെടുത്തു. രോഹിത് ശർമ്മയുടെ പങ്കാളിയായി ദിമുത് കരുണരത്നെയെയാണ് ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റിൽ 55 ശരാശരിയിൽ 999 റൺസ് അവൻ നേടിയിട്ടുണ്ട്‌. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരെയാണ് മൂന്നും നാലും ബാറ്റ്‌സ്മാന്മാരായി ആകാശ് ചോപ്ര ഉൾപ്പെടുത്തിയത്. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 72.82 ശരാശരിയോടെ 1675 റൺസ് നേടിയ മാർനസ് ലാബുഷെയ്നാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. സ്റ്റീവ് സ്മിത്താകട്ടെ 13 മത്സരങ്ങളിൽ നിന്നും 63.85 ശരാശരിയിൽ 1341 റൺസ് നേടിയിരുന്നു.

( Picture Source : Twitter )

” അഞ്ചാമനായി കെയ്ൻ വില്യംസനെയാണ് ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്, അവനാണ് ടീമിന്റെ ക്യാപ്റ്റൻ. 58 ന് മുകളിൽ ശരാശരിയിൽ 817 റൺസ് അവൻ നേടിയിട്ടുണ്ട്‌. ആറാം നമ്പറിൽ സംശയമൊന്നുമില്ല, ബെൻ സ്റ്റോക്സ് തന്നെ, 46 ന് മുകളിൽ ശരാശരിയിൽ 1334 റൺസും 34 വിക്കറ്റും അവൻ നേടിയിട്ടുണ്ട്‌. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41.37 ശരാശരിയിൽ 662 റൺസ് നേടിയ റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, 10 മത്സരങ്ങളിൽ 51 വിക്കറ്റ് നേടിയ ന്യൂസിലാൻഡ് പേസർ ടിം സൗത്തീ എന്നിവരെയാണ് ബൗളർമാരായി ആകാശ് ചോപ്ര ടീമിൽ ഉൾപ്പെടുത്തിയത്.

( Picture Source : Twitter )

ആകാശ് ചോപ്രയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ

രോഹിത് ശർമ്മ, ദിമുത് കരുണരത്നെ, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, കെയ്ൻ വില്യംസൺ ( ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്, റിഷഭ് പന്ത്‌, പാറ്റ് കമ്മിൻസ്, രവിചന്ദ്രൻ അശ്വിൻ, സ്റ്റുവർട്ട് ബ്രോഡ്, ടിം സൗത്തീ.

( Picture Source : Twitter )