Skip to content

ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ വർഷം ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ലയെങ്കിലും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് നഷ്ട്ടപെട്ടതോടെയാണ് റാങ്കിങിൽ സ്റ്റോക്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപെടുകയും ജഡേജ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്‍തത്.

( Picture Source : Twitter )

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. 423 റേറ്റിങ് പോയിന്റ് ഹോൾഡർക്കുണ്ട്, രണ്ടാം സ്ഥാനത്തുള്ള ജഡേജയ്ക്ക് 386 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ബെൻ സ്റ്റോക്സിന് 385 പോയിന്റുമാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഹെൻറി നിക്കോൾസ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ എട്ടാം സ്ഥാനത്തേക്ക് പിന്തളളപെട്ടതോടെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ റിഷഭ് പന്തും രോഹിത് ശർമ്മയും ആറാം സ്ഥാനത്തെത്തി. വിരാട് കോഹ്ലി റാങ്കിങിൽ അഞ്ചാം സ്ഥാനത്താണ്.

( Picture Source : Twitter )

ലോർഡ്സിൽ നടന്ന മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും 24 പോയിന്റുകൾ താരത്തിന് നഷ്ട്ടപെട്ടു. 895 റേറ്റിങ് പോയിന്റാണ് നിലവിൽ കെയ്ൻ വില്യംസനുള്ളത്. പരിക്ക് മൂലം രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധിക്കാത്തതിനാൽ രണ്ടാം മത്സരത്തിന് ശേഷം ഒന്നാം സ്ഥാനം വില്യംസണ് നഷ്ട്ടപെടും. 891 പോയിന്റ് നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണ് നിലവിൽ റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

ബൗളർമാരുടെ റാങ്കിങിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനവും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ടിം സൗത്തീ റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി.

( Picture Source : Twitter )