Skip to content

ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിനാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഫൈനലിൽ മൂന്ന് മത്സരങ്ങൾ വേണമായിരുന്നുവെന്നും നേരിയ മുൻതൂക്കം ന്യൂസിലാൻഡിനുണ്ടെങ്കിലും ഫൈനൽ കടുത്ത പോരാട്ടത്തിന് വേദിയാകുമെന്നും യുവരാജ് പറഞ്ഞു.

( Picture Source : Twitter )

” ഇത്തരം സാഹചര്യങ്ങളിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ വേണം. കാരണം ആദ്യത്തെ മത്സരം പരാജയപെട്ടാലും തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ തിരിച്ചെത്താൻ ടീമുകൾക്ക് സാധിക്കും. ന്യൂസിലാൻഡ് ഇപ്പോൾ ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നുണ്ട്, അത് ഇന്ത്യയ്ക്ക് ഒരുപക്ഷേ തിരിച്ചടിയാകും. ” യുവരാജ് സിങ് പറഞ്ഞു.

( Picture Source : Twitter )

” ഫൈനലിന് മുൻപായി എട്ടോ പത്തോ പ്രാക്ടീസ് സെഷൻ ഉണ്ടാകും, എന്നാൽ അതൊന്നും മാച്ച് പ്രാക്ടീസിന് പകരമാവില്ല. ഫൈനലിൽ കടുത്ത പോരാട്ടം നടക്കും എന്നാൽ ന്യൂസിലാൻഡിന് ചെറിയ മുൻതൂക്കമുണ്ട്. എന്നാൽ ഇന്ത്യ ശക്തരാണെന്ന് എനിക്ക് വിശ്വാസമുണ്ട്. രാജ്യത്തിന് പുറത്തും വിജയിക്കാൻ നമുക്ക് സാധിക്കുന്നു. നമ്മുടെ ബാറ്റിങ് അതിശക്തമാണ്, ബൗളിങിൽ അവർ തുല്യരാണ്. ” യുവരാജ് സിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോഡികളായ രോഹിത് ശർമ്മയ്ക്കും ശുഭ്മാൻ ഗില്ലിനും വെല്ലുവിളിയാകുമെന്നും സാഹചര്യങ്ങളോട് അവർ പെട്ടെന്ന് പൊരുത്തപെടേണ്ടതുണ്ടെന്നും യുവരാജ് സിങ് പറഞ്ഞു.

( Picture Source : Twitter )

” ടെസ്റ്റിൽ രോഹിത് ശർമ്മ ഇപ്പോൾ പരിചയസമ്പന്നനാണ്. 7 സെഞ്ചുറി അവൻ നേടിയിട്ടുണ്ട്‌, അതിൽ നാലും ഓപ്പണറായാണ് നേടിയത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ടെസ്റ്റിൽ ഇതുവരെ ഇംഗ്ലണ്ടിൽ ഓപ്പൺ ചെയ്തിട്ടില്ല. അതൊരു വെല്ലുവിളിയാണെന്ന് അവർക്കറിയാം. ഡ്യൂക്ക് ബോൾ പെട്ടെന്ന് സ്വിങ് ചെയ്യും, സാഹചര്യങ്ങളോടെ അവർ എത്രയും വേഗം പൊരുത്തപെടേണ്ടതുണ്ട്. ഇംഗ്ലണ്ടിൽ ഓരോ സെഷനുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്. രാവിലെ ബോൾ സ്വിങ് ചെയ്യും. വൈകീട്ട് നിങ്ങൾക്ക് റൺസ് സ്കോർ ചെയ്യാൻ സാധിക്കും. എന്നാൽ ചായയ്ക്ക് ശേഷം വീണ്ടും സ്വിങ് ലഭിക്കും. ഒരു ബാറ്റ്‌സ്മാനെന്ന നിലയിൽ ഇതിനോടിണങ്ങാൻ സാധിച്ചാൽ നിങ്ങൾക്ക് വിജയിക്കാം. ” യുവരാജ് സിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )